‘ആർ.ആർ.ആർ’ ഉൾപ്പടെ 4 ഇന്ത്യൻ ചിത്രങ്ങൾ; ഓസ്കർ നാമനിർദേശ പ്രഖ്യാപനം ഇന്ന്
ഓസ്കർ നാമനിർദേശ പ്രഖ്യാപനം ഇന്ന്. കാലിഫോർണിയയിലെ ബെവർലി ഹിൽസിൽ നിന്ന് തത്സമയം പ്രഖ്യാപിക്കും.വൈകുന്നേരം ഏഴുമണിക്കാണ് പ്രഖ്യാപന ചടങ്ങ്. ആർ.ആർ.ആർ ഉൾപ്പടെ നാല് ഇന്ത്യൻ ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി നാമനിർദേശം ലഭിക്കാൻ ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. മാർച്ച് 12നാണ് ഓസ്കർ പുരസ്കാര പ്രഖ്യാപനം.
ഗോൾഡൻ ഗ്ലോബ് നേടിയ രാജമൗലിയുടെ ആർ.ആർ.ആർ ആണ് ഇന്ത്യൻ പ്രതീക്ഷയിൽ മുന്നിലുള്ളത്. ഒറിജിനൽ സോങ് വിഭാഗത്തിലാണ് ഇതിനോടകം ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.ഒരാഴ്ച നീണ്ട വോട്ടെടുപ്പ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനിച്ചത്. സാമുവൽ ഗോൾഡ്‍വിൻ തിയറ്റിലെ ചടങ്ങിൽ അലിസൻ അലിസൻ വില്യംസും റിസ് അഹ്മദും ചേർന്ന് 23 വിഭാഗങ്ങളിലെ നാമനിർദേശ പട്ടിക പ്രഖ്യാപിക്കും.
ഇന്റർനാഷ്ണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’ , ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ‘ഓൾ ദ ബ്രത്ത്സ്’, ഡോക്യുമെന്ററി ഷോർട് ഫിലിം വിഭാഗത്തിൽ ‘ദി എലെഫന്റ് വിസ്പേഴ്സും’ ഓസ്കർ നാമനിർദേശം പ്രതീക്ഷിക്കുന്നു.ജെയിംസ് കാമറൂണിന്റെ ‘അവതാർ ദി വെ ഓഫ് വാട്ടർ’, ടോം ക്രൂസിന്റെ ‘ടോപ് ഗൺ മാവെറിക്’ എന്നിവയും മികച്ച ചിത്രമാകാൻ മൽസരരംഗത്തുണ്ട്. ‘ദി ഫേബൾമാൻസ്’, ‘ട്രയാങ്കിൾ ഓഫ് മാഡ്നസ്’, ‘ദ ബാൻഷീസ് ഓഫ് ഇനിഷെറിൻ’ എന്നിവയ്ക്കായിരിക്കും നാമനിർദേശ പട്ടികയിൽ ആധിപത്യമെന്നാണ് കരുതുന്നത്.