ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും
ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ആദ്യഘട്ടത്തിന്റെ നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. പ്രധാനമന്ത്രി ഗൃഹ സന്ദർശനം അടക്കമുള്ള പ്രചരണ പരിപാടിക്കായി ശനിയാഴ്ച സംസ്ഥാനത്തെത്തും.
ത്രികൊണ മത്സരം നടക്കുന്ന ഗുജറാത്തിൽ തീ പാറുകയാണ് പ്രചാരണ രംഗത്ത്. വാക്ക് പോരും, പ്രചാരണവിഷയങ്ങളും കടുക്കുന്നു. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 93 മണ്ഡലങ്ങളിക്കുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കുകയാണ്.
മത്സരചിത്രം വ്യക്തമായതോടെ അടുത്ത ദിവസം മുതൽ ദേശീയ നേതാക്കൾ പ്രചാരണത്തിനായി സംസ്ഥാനത്തെത്തും. പ്രധാന മന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഗുജറാത്തിൽ എത്തും. 3 ദിവസത്തിനിടെ 8 റാലികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഗൃഹ സന്ദർശന പരിപാടികളും പ്രധാന മന്ത്രി നിശ്ചയിച്ചിട്ടുണ്ട്.
ഒന്നാം ഘട്ട പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് വിമത സ്ഥാനാർഥി കളെ അനുനയിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ബിജെപി യും കോൺഗ്രസും. വിമത ശല്യം ഇക്കുറി ബിജെപിയെയാണ് ഏറെ അലട്ടുന്നത്.