കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ന് മുതൽ ക്ലാസുകൾ ആരംഭിക്കും
വിവാദങ്ങളെ തുടർന്ന് അടച്ചിട്ട കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ന് മുതൽ ക്ലാസുകൾ ആരംഭിക്കും. ഡയറക്ടറുടെ രാജി ആവശ്യപ്പെട്ട് 50 ദിവസത്തിലധികം വിദ്യാർത്ഥികൾ നടത്തിയിരുന്ന സമരം ഇന്നലെ പിൻവലിച്ചിരുന്നു.എന്നാൽ ക്യാമ്പസിലെ അധ്യാപകർ കൂട്ടത്തോടെ രാജിവച്ചതുകൊണ്ട് ക്ലാസുകൾ നടക്കുന്ന കാര്യം ആശങ്കയിലാണ്.
ഡയറക്ടർ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളുടെ മറ്റ് ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുകയും ചെയ്തതോടെയാണ് സമരം അവസാനിപ്പിച്ചത്. നഷ്ടമായ ദിവസത്തെ ക്ലാസുകളടക്കം വിദ്യാർഥികൾക്ക് ലഭ്യമാക്കാനുള്ള നടപടികളും ഉടൻ ഉണ്ടായേക്കും.
കാലതാമസം ഉണ്ടാകാതെ ക്ലാസുകൾ പൂർവ സ്ഥിതിയിലാക്കാനുള്ള നടപടികളും സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകും. സ്ക്രീനിംഗ് അടക്കം വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
എന്നാൽ ഒരു വിഭാഗം അധ്യാപകർ രാജിവെച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. പുതിയ ഡയറക്ടറെ നിയമിക്കുന്നതോടൊപ്പം രാജിവച്ചവർക്ക് പകരമുള്ള പുതിയ അധ്യാപകരും എത്തുമെന്നാണ് വിദ്യാർഥികൾ പ്രതീക്ഷിക്കുന്നത്.