കോഴിക്കോട് പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം; പ്രതി കസ്റ്റഡിയിൽ
കോഴിക്കോട് തൊട്ടിൽപാലത്ത് കോളജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം അടച്ചിട്ട വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട സംഭവത്തിൽ പ്രതി പിടിയിൽ. കുണ്ടുതോട് ഉണ്ണിത്താൻകണ്ടി ജുനൈദ് (26) ആണ് വടകരയിൽ നിന്ന് പിടിയിലായത്. നാദാപുരം ഡി.വൈ.എസ്.പി വി.വി ലതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്.
ബുധനാഴ്ച രാവിലെ മുതൽ കാണാതായ പെൺകുട്ടിയെ വ്യാഴാഴ്ചയാണ് പ്രതിയുടെ വീട്ടിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കൂടാതെ ജുനൈദിൻ്റെ വീട്ടിൽ നിന്ന് 5.47 ഗ്രാം എംഡിഎംഎയും കണ്ടെത്തിയിരുന്നു. സൈബർ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പീഡന ശേഷം പ്രതി നഗ്ന ദൃശ്യങ്ങൾ പകർത്തിയതായി അതിജീവിത പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.തട്ടിക്കൊണ്ടു പോവൽ, മാനഹാനി വരുത്തൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്. നാദാപുരം ഡി.വൈ.എസ്.പി വി.വി ലതീഷിന്റെ നേതൃത്വത്തിൽ തൊട്ടിൽപ്പാലം പൊലീസ് സ്റ്റേഷനിൽ പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. മാതാപിതാക്കൾ ഗൾഫിലായതിനാൽ പ്രതി ജുനൈദ് ഒറ്റക്കായിരുന്നു ഈ വീട്ടിൽ കഴിഞ്ഞിരുന്നത്.