‘ശിവശക്തി പോയിന്റിന് ചുറ്റും കറങ്ങുന്ന പ്രഗ്യാന്‍ റോവര്‍’; പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ
ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമായി കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ശിവശക്തി പോയിന്റിന് സമീപം പ്രഗ്യാന്‍ റോവര്‍ സഞ്ചരിക്കുന്നെന്ന തലക്കെട്ടിലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വിക്രം ലാന്‍ഡറിലെ ഇമേജര്‍ ക്യാമറയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
റോവര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ സഞ്ചാരം തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ നേരത്തെ വ്യക്തമാക്കിയിരുന്നു. 25-ാം തീയതി പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടത്. കഴിഞ്ഞദിവസം റോവര്‍ ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.
ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിലെ സ്ഥാനത്തെ ഇനിമുതല്‍ ശിവശക്തി എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ നേരില്‍ കണുന്നതിനടെ പറഞ്ഞിരുന്നു. ഓഗസ്റ്റ് 23 ഇനി ദേശീയ ബഹിരാകാശ ദിനമായി അറിയപ്പെടും. മറ്റാരും എത്താത്ത ഇടത്താണ് നമ്മള്‍. ശാസ്ത്രജ്ഞരുടെ അറിവിനെയും സമര്‍പ്പണത്തെയും സ്മരിക്കുന്നുവെന്നും രാജ്യത്തിന്റെ നേട്ടം മറ്റുള്ളവര്‍ അംഗീകരിച്ചിവെന്നും പ്രധാനമന്ത്രി പറഞ്ഞു.