Saturday, October 19, 2024
Kerala

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതം: എം.ടി രമേശ്

മകൾ വീണാ വിജയനെതിരെയുള്ള മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മൗനം കുറ്റ സമ്മതമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. തനിക്കും കുടുംബത്തിനുമെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിക്കാൻ പിണറായി വിജയന് അവസരം ഉണ്ടായിരുന്നു. തെറ്റ് ചെയ്തിട്ടുണ്ടെന്ന ബോധ്യമാണ് മുഖ്യമന്ത്രി പ്രതികരിക്കാതിരിക്കാൻ കാരണമെന്നും എം.ടി രമേശ് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളെ ന്യായീകരിക്കേണ്ട ഗതികേടിലാണ് സിപിഐഎം സെക്രട്ടറി. എം.വി ഗോവിന്ദൻ വീണാ വിജയന്റെ പിആർ സെക്രട്ടറിയായി മാറി. കമ്പനികൾ തമ്മിലുള്ള ഇടപാടാണെങ്കിൽ വീണയുടെ കമ്പനിയല്ലേ മറുപടി പറയേണ്ടത്. എക്സാലോജിക്ക് പറയേണ്ട കാര്യങ്ങൾ സിപിഎം സെക്രട്ടറി പറയുകയാണെന്നും എം.ടി രമേശ് ആരോപിച്ചു.

മാസപ്പടി ഇടപാടിൽ സിപിഐഎമ്മിനും ബന്ധമുണ്ടെന്ന് ഗോവിന്ദന്റെ ന്യായീകരണത്തിലൂടെ വ്യക്തമായി. നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. പുതുപ്പള്ളിയിലെങ്കിലും അദ്ദേഹം ആരോപണങ്ങൾക്ക് മറുപടി പറയുമെന്ന് ആളുകൾ കരുതിയെങ്കിലും പാഴായി. ആരോപണം ഉയരുമ്പോൾ കേന്ദ്ര സർക്കാരിനെയും സംഘപരിവാറിനെയും പഴിചാരി രക്ഷപ്പെടാനാവില്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണം. മറുപടി പറയാതെ രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രിയും പാർട്ടിയും കരുതേണ്ടെന്നും എം.ടി രമേശ്.

Leave a Reply

Your email address will not be published.