വീട്ടിലെത്തി ചീത്ത വിളിച്ചത് പൊലീസിനോട് പരാതിപ്പെട്ട് പോയി; യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു, അറസ്റ്റ്
തിരുവനന്തപുരം: വീട്ടിൽ എത്തി അസഭ്യം വിളിച്ചത് പൊലീസിനെ അറിയിച്ച യുവാവിനെ മര്‍ദ്ദിച്ച രണ്ട് പേര്‍ അറസ്റ്റില്‍. പരാതിയില്‍ അന്വേഷണം തുടങ്ങിയതോടെ ഇവര്‍ ഒളിവില്‍ പോയിരുന്നു. നേമം, മേലാംകോട് കൊല്ലംകോണം തളത്തിൽ വീട്ടിൽ ഉണ്ണി എന്നു വിളിക്കുന്ന അഭിജിത്ത് (23), നേമം മേലാംകോട് അമ്പലക്കുന്ന് ലക്ഷമി ഭവനിൽ അഭിജിത്ത് (19) എന്നിവരെയാണ് നേമം പൊലീസ് പിടികൂടിയത്. നേമം മേലാംകോട് സ്വദേശി സന്തോഷിനെ ആണ് ഇരുവരും അക്രമിച്ചത്.
ഉണ്ണി എന്നു വിളിക്കുന്ന അഭിജിത്ത് വീട്ടിൽ എത്തി ചീത്ത വിളിച്ചതുമായി ബന്ധപ്പെട്ട് സന്തോഷ് നേമം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പ്രതികളായ രണ്ട് അഭിജിത്തുമാരും ചേർന്ന് സന്തോഷിനെ അക്രമിച്ചതെന്ന് നേമം പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ഇരുവരെയും പൊലീസ് നടത്തിയ അന്വേഷണത്തിൽ പിടികൂടുകയായിരുന്നു.
ഫോർട്ട് എ സി പി ഷാജി, നേമം എസ് എച്ച് ഒ രഗീഷ്കുമാർ, എസ് ഐമാരായ വിപിൻ, പ്രസാദ്, ജോൺ വിക്ടർ, എസ് സി പി ഒ ശ്രീകാന്ത്, സി പി ഒമാരായ പ്രവീൺ, സാജൻ, ദീപക് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതേസമയം, ബാറിനുള്ളിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ തിരുവനന്തപുരത്ത് ഇന്ന് ഒരാള്‍ അറസ്റ്റിലായി. കിളിമാനൂർ കൊടുവഴന്നൂർ തോട്ടവാരം സ്വദേശി മഹേഷിനെ (32) യാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്.
ഇയാള്‍ക്കതിരെ പൊലീസ് കാപ്പ ചുമത്താന്നുള്ള നടപടികൾ സ്വീകരിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ബാറിനുള്ളിലെ കുത്ത് കേസില്‍ മഹേഷ് അറസ്റ്റിലാകുന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാരേറ്റിലുള്ള കാർത്തിക ബാറിൽ മദ്യപിക്കാനെത്തിയ യുവാവിനെ വഴിയിൽ തടഞ്ഞതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ആക്രമണം. പ്രതി പൊട്ടിയ ബിയർ കുപ്പിയുടെ തലഭാഗം കൊണ്ട് യുവാവിനെ തുരുതുരാ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമണത്തിൽ യുവാവിന് നെഞ്ചിലും, തലയുടെ മുകൾ ഭാഗത്തും കാലിന്‍റെ തുടയിലും കുത്തേറ്റിരുന്നു.