എന്നെയും അറസ്റ്റ് ചെയ്യൂ മോദിജി; പോസ്റ്റർ പതിച്ചവരെ അറസ്റ്റ് ചെയ്തതിനെതിരെ രാഹുൽ ഗാന്ധി
കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതിലുണ്ടായ വീഴ്ച സൂചിപ്പിച്ച് നരേന്ദ്രമോദിക്കെതിരെ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ നിരവധി പേരെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. തന്നെയും അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു
മോദിജി എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾക്കുള്ള വാക്‌സിൻ വിദേശ കമ്പനികൾക്ക് നൽകുന്നത് എന്ന് ചോദിച്ചാണ് ട്വീറ്റ്. എന്നെയും അറസ്റ്റ് ചെയ്യൂ എന്നും ട്വീറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ പതിച്ച പോസ്റ്ററുകളിലും ഇതേ ചോദ്യമാണുണ്ടായിരുന്നത്.
പോസ്റ്റർ പതിച്ച സംഭവത്തിൽ മോദി സർക്കാരിന്റെ കീഴിലുള്ള ഡൽഹി പോലീസ് കേസെടുക്കുകയും 17 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 21 കേസുകളാണ് പോസ്റ്റർ ഒട്ടിച്ചതിൽ പോലീസ് രജിസ്റ്റർ ചെയ്തത്.