പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ ബന്ധുക്കളായ യുവാക്കൾ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മർദ്ദിച്ചു
പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ ബന്ധുക്കളായ യുവാക്കൾ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മർദ്ദിച്ചു. കോഴിക്കോട് കൂറ്റിക്കാട്ടൂർ സ്വദേശി ഇർഷാദ് ആരിഫിനാണ് മർദനമേറ്റത്. ഇയാൾക്കെതിരെ പോക്‌സോ ചുമത്തി പൊലീസ് കേസ് എടുത്തു. ഇർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ച് പേരും അറസ്റ്റിലായി.
ഇന്നലെ രാത്രി പത്തരയോടെയാണ് നാടകീയ സംഭവങ്ങൾ നടന്നത്. വീട്ടിൽ കയറി മർദ്ദിച്ച് അവശനാക്കിയശേഷം ഇർഷാദിനെ നാലംഗ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. അർധരാത്രിയോടെ കൊടുവള്ളി പടനിലത്തെ ബോട്ടാണിക്കൽ ഗാർഡനിലെത്തിച്ച് അതിക്രൂരമായി മർദ്ദിച്ചു. നാലംഗ സംഘത്തെ സഹായിക്കാൻ മറ്റൊരാളുമെത്തി. ബഹളം കേട്ട പ്രദേശവാസികൾ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി അഞ്ചംഗ സംഘത്തെയും ഇർഷാദിനെയും കസ്റ്റഡിയിലെടുത്തു. മൂന്ന് സ്‌കൂട്ടറുകളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ഓഗ്സ്റ്റ് മാസം ഇർഷാദ് പതിനഞ്ചുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പെൺക്കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇർഷാദിനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു.
വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ച് തട്ടിക്കൊണ്ടുപോയതിന് പെൺക്കുട്ടിയുടെ ബന്ധുക്കളായ അഞ്ചംഗ സംഘത്തെയും അറസ്റ്റ് ചെയ്തു.