സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്റെ റൂമിൽ വിൽപ്പനയ്ക്കുള്ള കഞ്ചാവ്; മൂന്ന് പേർ ഓടിരക്ഷപ്പെട്ടു, 5 പേർ പിടിയിൽ
കോതമംഗലത്ത് സ്വകാര്യ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്റെ റൂമിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. വില്പനക്കായി എത്തിച്ച കഞ്ചാവാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം രാത്രി 8 മണിക്കായിരുന്നു കോതമംഗലം എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഇവരെത്തിയ വാഹനങ്ങളും പിടികൂടി. എക്സൈസ് സംഘത്തെ കണ്ടയുടനെ സ്കൂളിന്റെ സെക്യൂരിറ്റി ഉൾപ്പെടെ മൂന്നുപേർ ഓടി രക്ഷപ്പെടുകയായിരുന്നു. വടാട്ടുപാറ സ്വദേശികളായ ഷഫീഖ്, അശാന്ത്, ആഷിക്, മുനീർ കുത്തു കുഴി സ്വദേശി ഹരികൃഷ്ണൻ എന്നിവരാണ് പിടിയിലായത്.
നെല്ലിക്കുഴി സ്വദേശി കോച്ചേരി എന്ന് വിളിക്കുന്ന യാസീൻ, സ്കൂൾ സെക്യൂരിറ്റി ജീവനക്കാരനായ പാലാ സ്വദേശി സാജു ,ബിജു എന്നിവർക്കായി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.