കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; കേന്ദ്ര ഡയറക്ട്രേറ്റിന് റിപ്പോര്‍ട്ട് കൈമാറി ഇഡി
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ കേന്ദ്ര ഡയറക്ട്രേറ്റിന് റിപ്പോര്‍ട്ട് കൈമാറി ഇഡി. അടുത്തിടെ നടത്തിയ റെയ്ഡിന്റെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. സിറ്റിംഗ് മന്ത്രിയില്‍ നിന്നടക്കം മൊഴിയെടുക്കേണ്ടതുണ്ടെന്ന് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കിനെപ്പറ്റിയും വ്യക്തമാക്കുന്നുണ്ട്.
അസിസ്റ്റന്റ് ഡയറക്ടര്‍ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിന്റെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് ഡല്‍ഹിക്കയച്ചത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 15 വര്‍ഷത്തിലധികമായി ക്രമക്കേട് നടക്കുന്നതായി ഇഡി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റെയ്ഡുമായി ബന്ധപ്പെട്ട അനുബന്ധ രേഖകളും മൊഴികളും റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്. കേസില്‍ നേരത്തെ ഭരണസമിതിയുടെ ഭാഗമായിരുന്ന 3 പേര്‍ മാപ്പുസാക്ഷികളാകാന്‍ സന്നദ്ധതയറിയിച്ചതായും ഇഡി വ്യക്തമാക്കുന്നു.
അതേസമയം തട്ടിപ്പില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കിനെപ്പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിറ്റിംഗ് മന്ത്രിയില്‍ നിന്നടക്കം മൊഴിയെടുക്കേണ്ടതുണ്ടെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു. പ്രതികളില്‍ ചിലരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്. ഡല്‍ഹിയില്‍ നിന്നും തീരുമാനം വന്ന ശേഷമാകും ഇനി തുടര്‍നടപടിയുണ്ടാവുക. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് പൊലീസ് എഫ്‌ഐആറില്‍ ഉള്ളവരെ ഉള്‍പ്പെടുത്തി ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്.