മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച സംഭവം; പിഡിപി നേതാവ് അറസ്റ്റിൽ
കൊച്ചിയിൽ മാധ്യമപ്രവർത്തകയ്ക്ക് ലൈംഗിക ചുവയുള്ള സന്ദേശമയച്ച കേസിൽ രാഷ്ട്രീയ നേതാവ് അറസ്റ്റിൽ. പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറിനെ കടവന്ത്ര പൊലീസാണ് അറസ്റ്റ് ചെയ്തത്. അതേസമയം പോലീസിൽ പരാതി നൽകിയ മാധ്യമപ്രവർത്തകയുടെ പേരുവിവരങ്ങൾ സൈബറിടത്തിൽ വെളിപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
സ്ത്രീകൾക്കെതിരെ അശ്ലീല ചുവയോടെയുള്ള സംസാരം, ഓൺലൈൻ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തി പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറിനെതിരെ കടവന്ത്ര പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പോലീസിൽ പരാതി നൽകിയ മാധ്യമപ്രവർത്തകയുടെ പേരുവിവരങ്ങൾ സൈബറിടത്തിൽ വെളിപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് നിസാർ മേത്തറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പിഡിപി കേസ്. അബ്ദുൽ നാസർ മദനിയുടെ ആരോഗ്യവിവരങ്ങൾ മാധ്യമങ്ങളുമായി പങ്ക് വയ്ക്കാൻ പിഡിപി ചുമതലപ്പെടുത്തിയ വ്യക്തിയാണ് നിസാർ മേത്തർ. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മദനിയുടെ ആരോഗ്യ വിവരങ്ങൾ ചോദിച്ചറിയാൻ ഫോണിൽ ബന്ധപ്പെട്ടപ്പോഴായിരുന്നു മാധ്യമപ്രവർത്തകയ്ക്ക് ദുരനുഭവം ഉണ്ടായത്. അതേസമയം നിസാറിനെതിരെ പിഡിപി നടപടിയാരംഭിച്ചിട്ടുണ്ട്.