Saturday, January 4, 2025
Kerala

മാധ്യമപ്രവർത്തകയ്ക്ക് പിഡിപി നേതാവ് അശ്ലീല സന്ദേശമയച്ച സംഭവം; പരാതിക്കാരിയുടെ പേരും വിലാസവും പുറത്തുവിട്ട് നിസാർ മേത്തർ

മാധ്യമപ്രവർത്തകയ്ക്ക് പിഡിപി നേതാവ് അശ്ലീല സന്ദേശമയച്ച സംഭവത്തിൽ ഗുരുതര കുറ്റകൃത്യവുമായി പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ. പരാതിക്കാരിയുടെ പേരും വിലാസവും സൈബർ ഇടത്തിൽ പുറത്തുവിട്ടു. ഇത്തരം കേസുകളിൽ പരാതിക്കാരുടെ വിവരങ്ങൾ പങ്കുവയ്ക്കരുതെന്നാണ് നിയമം. പിഡിപി നേതാവിന്റേത് ആക്രമണത്തിനുള്ള പരോക്ഷ സന്ദേശമാണ്.

നിസാർ മേത്തർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. നിസാർ മേത്തറുടെ ഫോൺ നമ്പർ സഹിതം നൽകിയിട്ടും കടവന്ത്ര പൊലീസ് പ്രതിയെ പിടികൂടിയില്ല. പൊലീസ് മാത്രമല്ല പിഡിപിയും പ്രതിയെ സംരക്ഷിക്കുന്ന നിലപാടിലാണ്. വാർത്ത പുറത്തുവന്നിട്ടും സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരെ നടപടിയില്ല.

പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി കേരളത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടയുള്ള കാര്യങ്ങൾ മാധ്യമങ്ങളോട് റിപ്പോർട്ട് ചെയ്യുന്നതിന് പിഡിപി തന്നെ ഏർപ്പെടുത്തിയ ആളാണ് നിസാർ മേത്തർ. കണ്ണൂർ സ്വദേശിയാണ്. മഅദനിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ മാധ്യമപ്രവർത്തക തേടിയിരുന്നു. രണ്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ നിസാറിന്റെ പെരുമാറ്റ രീതി മാറി അശ്ലീല സന്ദേശം അയക്കാൻ തുടങ്ങി. മാധ്യമ പ്രവർത്തക വിലക്കിയിട്ടും നിസാർ പിന്മാറിയില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *