Thursday, January 9, 2025
Kerala

അധ്യാപികയുടെ ഫോൺ മോഷ്ടിച്ച് അശ്ലീല സന്ദേശമയച്ച സംഭവം; ശ്രദ്ധയിൽ പെട്ടില്ലെന്ന് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി

സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിനുള്ള സ്കൂളിലെ അധ്യാപികയുടെ ഫോൺ മോഷ്ടിച്ച് അശ്ലീല സന്ദേശമയച്ച സംഭവത്തിൽ കരുതലോടെ പ്രതികരിച്ച് പാർട്ടി നേതൃത്വം. വിഷയം ശ്രദ്ധയിൽ പെട്ടില്ലെന്നായിരുന്നു സിപിഐഎം ജില്ലാ സെക്രട്ടറി എസ് സുദേവൻ്റെ മറുപടി. എന്നാൽ കുറ്റക്കാർക്കെതിരെ പോലീസ് റിപ്പോർട്ട് അനുസരിച്ച് നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് സ്കൂൾ മാനേജ്മെൻ്റ്.

സിപിഐഎം നിയന്ത്രണത്തിലുള്ള സ്കൂളിലെ അധ്യാപകർ തമ്മിലുള്ള ചേരിപ്പോര് കൊല്ലത്ത് പാർട്ടിയ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കിയ സാഹചര്യത്തിലാണ് കരുതലോടെ നേതൃത്വത്തിൻ്റെ പ്രതികരണം. മുൻ സിപിഐഎം നേതാവിൻറെ മകളായ അധ്യാപികയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് അശ്ലീല സന്ദേശമയച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. സിപിഐഎം സംസ്ഥാന കമ്മറ്റി അംഗത്തെ അടക്കം അപമാനിക്കുന്ന തരത്തിൽ പുറത്തുവന്ന സന്ദേശങ്ങൾ പാർട്ടിയ്ക്കുള്ളിൽ തന്നെ വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്.

വിവാദത്തിലകപ്പെട്ട 4 അധ്യാപകരെ മാനേജ്മെൻ്റ് സസ്പെൻ്റ് ചെയ്തെങ്കിലും ചേരിതിരിഞ്ഞുള്ള പോര് അധ്യാപകർ തുടരുകയാണ്. സംഭവത്തിൽ വകുപ്പ് തലത്തിലും പൊലീസ് അന്വേഷണവും തുടരുകയാണ്. സ്കൂൾ മാനേജ്മെൻ്റ് പ്രഖ്യാപിച്ച അന്വേഷണം പൊലീസിൻ്റെ അന്തിമ റിപ്പോർട്ടിന് ശേഷമേ പൂർത്തിയാകൂ. എന്നാൽ സംഭവം ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന മറുപടിയായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടിയുടെ മറുപടി.

സംഭവത്തിൽ ജില്ലാ നേതൃത്വത്തിന് കടുത്ത അസംതൃപ്തിയാണ് ഉള്ളത്. എത്രയും വേഗം കുറ്റക്കാരെ കണ്ടെത്തി പുറത്താക്കണമെന നിർദ്ദേശം ജില്ലാ നേതൃത്വം നൽകിയതായിയാണ് വിവരം. അടുത്തിടെ സ്കൂളിൽ നടത്തിയ അധ്യാപക നിയമനങ്ങൾ സംബന്ധിച്ചും പാർട്ടി നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ 2 ജില്ലാ കമ്മിറ്റി അംഗങ്ങളും ചവറ കുന്നത്തൂർ ഏരിയ സെക്രട്ടറിമാരും ഉൾപ്പെടുന്ന സബ് കമ്മിറ്റിയാണ് സ്കൂൾ നിയന്ത്രിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *