Sunday, January 5, 2025
Kerala

സ്വര്‍ണക്കടത്ത്: എന്‍ഐഎ കേസില്‍ സന്ദീപ് നായര്‍ മാപ്പു സാക്ഷി; കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണ്ണക്കടത്ത് നടത്തിയ സംഭവത്തില്‍ എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായിരുന്ന സന്ദീപ് നായര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കേസില്‍ മാപ്പു സാക്ഷിയാക്കണമെന്ന സന്ദീപ് നായരുടെ അപേക്ഷയും കോടതി അംഗീകരിച്ചു. സന്ദീപ് നായര്‍ അടക്കം അഞ്ചു പേരാണ് കേസില്‍ മാപ്പു സാക്ഷിയാകുന്നത്. ഉപാധികളോടെയാണ് സന്ദീപ് നായര്‍ക്ക് എന്‍ ഐ എ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ടു ലക്ഷം രൂപയുടെ ആള്‍ ജാമ്യം, പാസ്‌പോര്‍ട് ഹാജരാക്കണം എന്നിവ അടക്കമാണ് ഉപാധികള്‍.കേസില്‍ ആറുമാസത്തിലധികമായി സന്ദീപ് നായര്‍ റിമാന്റിലാണ്.എന്‍ ഐ എകേസില്‍ ജാമ്യം ലഭിച്ചുവെങ്കിലും കസ്റ്റംസ് കേസില്‍ കൊഫപോസ ചുമത്തിയതിനാല്‍ സന്ദീപിന് ജയില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയില്ല.എന്‍ ഐ എ കേസിനു പുറമേ ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപ് നായര്‍ പ്രതിയായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ പി എസ് സരിത്താണ് ആദ്യം കസ്റ്റംസിന്റെ പിടിയിലായത്. പിന്നാലെ എന്‍ ഐ എയും കേസ് രജിസ്റ്റര്‍ ചെയ്ത് സരിത്തിന്റെ അറസ്റ്റു രേഖപ്പെടുത്തിയിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും ബംഗളുരുവില്‍ നിന്നുമാണ് എന്‍ ഐ എ അറസ്റ്റു ചെയ്തത്. ഇതിനു ശേഷം ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിനും മറ്റും ശേഷമാണ് ഇപ്പോള്‍ സന്ദീപിനെ എന്‍ ഐ എ കേസില്‍ മാപ്പു സാക്ഷിയാക്കി മാറ്റിയിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *