സ്വര്‍ണക്കടത്ത്: പ്രതികള്‍ എന്‍ഐഎ ഓഫിസില്‍, ഒരാള്‍കൂടി കസ്റ്റഡിയില്‍
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ബെംഗളൂരുവില്‍ പിടിയിലായ മുഖ്യപ്രതികളെ എന്‍ഐഎ ഓഫിസിലെത്തിച്ചു. സ്വപ്‌നാ സുരേഷ്, സന്ദീപ് നായര്‍ എന്നിവരെയാണ് കേസന്വേഷിക്കുന്ന എന്‍ ഐഎയുടെ കൊച്ചി ഓഫിസിലെത്തിച്ചത്. ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് സ്വപ്നയെയും സന്ദീപിനെയും എന്‍ ഐഎ ഓഫിസിലെത്തിച്ചത്. പ്രതികളുടെ വാഹനവ്യൂഹം എത്തിയതോടെ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉരച്ചുകയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലിസ് ലാത്തിവീശി. അതിനിടെ, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രതികളുടെ കൊവിഡ് പരിശോധനാഫലം ലഭിച്ചാലുടന്‍ കസ്റ്റഡിയില്‍ വാങ്ങാനാണു എന്‍ഐഎയുടെ ശ്രമം. കൊവിഡ് ഫലം വൈകുകയാണെങ്കില്‍ പ്രതികളെ കറുകുറ്റിയിലെ കൊവിഡ് നിരീക്ഷണ സെല്ലിലേക്ക് മാറ്റിയേക്കും. സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്നതിനു പിന്നാലെ ഒളിവിലായിരുന്ന സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും ശനിയാഴ്ച രാത്രിയാണ് ബെംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ കേരളത്തിലെത്തിച്ചു. ഇവരുടെ വാഹനവ്യൂഹം കടന്നുവരുന്നതിനിടെ പലയിടത്തും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമുണ്ടായിരുന്നു.