ബാങ്കുകളുടെ ഐഎഫ്എസ്‌സി കോഡ് അടുത്ത ദിവസം മുതല്‍ മാറും
മുംബൈ: ലയനപ്രക്രിയ പൂര്‍ണമാകുന്നതോടെ ചില പൊതുമേഖലാ ബാങ്കുകളുടെ ഐഎഫ്എസ്‌സി കോഡ് ഏപ്രില്‍ ഒന്നു മുതല്‍ മാറും. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കേറ്റ് ബാങ്ക്, ആന്ധ്രാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, അലഹാബാദ് ബാങ്ക് തുടങ്ങിയവയ്ക്കാണ് പുതിയ ഐഎഫ്എസ്‌സി കോഡ് നിലവില്‍ വരിക. പുതിയ ഐഎഫ്എസ്‌സി (ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ്), എംഐസിആര്‍ (മാഗ്‌നറ്റിക് ഇങ്ക് ക്യാരക്ടര്‍ റെക്കഗ്‌നീഷന്‍) കോഡുകളോടു കൂടിയ ചെക്ക് ബുക്ക് വാങ്ങണമെന്ന് ബാങ്കുകള്‍ ഉപയോക്താക്കള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പത്ത് പൊതുമേഖലാ ബാങ്കുകള്‍ ലയിച്ച് നാലെണ്ണം ആകുന്നതോടെയാണ് പുതിയ ഐഎഫ്എസ്‌സി കോഡുകള്‍ നിലവില്‍ വരുന്നത്. ആന്ധ്രാ ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്കുമായാണ് ലയിച്ചത്. ഓറിയന്റല്‍ ബാങ്ക് ഓഫ് ഇന്ത്യയും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിച്ചു. ദേനാ ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിച്ചു. സിന്‍ഡിക്കേറ്റ് ബാങ്ക്, കാനറാ ബാങ്കിലാണ് ലയിച്ചത്.
നിശ്ചിത തീയതി മുതല്‍ സാമ്പത്തിക ഇടപാടുകള്‍ കൃത്യമായി നടക്കാനായി പുതിയ ഐഎഫ്എസ്‌സി കോഡ് ഉപയോഗിക്കണമെന്ന് ഉപയോക്താക്കള്‍ക്കു നിര്‍ദേശം നല്‍കി. ഇതോടെ ലയിക്കുന്ന ബാങ്കുകളുടെ ഐഎഫ്എസ്‌സി, എംഐസിആര്‍ കോഡ് മാറി ഏതു ബാങ്കിലാണോ ലയിക്കുന്നത് അതിന്റെ കോഡാകും.