കര്‍ണാടകയില്‍ പിഎഫ്‌ഐ-എസ്ഡിപിഐ നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്
കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ എസ്ഡിപിഐ-പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. ഹുബ്ബള്ളിയിലും മൈസൂരിലുമാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന. എസ്ഡിപിഐ നേതാവ് ഇസ്മായില്‍ നളബന്ദിന്റെ ഹുബ്ബള്ളിയിലെ വീട്ടിലും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ സെക്രട്ടറി സുലൈമാന്റെ മൈസൂരിലെ വീട്ടിലുമാണ് ഭീകരവിരുദ്ധ ദൗത്യസേനയെത്തിയത്.
ഹുബ്ബള്ളിയിൽ എസ്ഡിപിഐ നേതാവ് ഇസ്മയിലിന്റെ വസതിയിലും ഓഫീസുകളിലും 10 എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. മൈസൂരിൽ, എൻആർ മൊഹല്ലയിലും മാണ്ഡി മൊഹല്ലയിലും ഒന്നിലധികം സ്ഥലങ്ങളിൽ പിഎഫ്ഐയുമായി ബന്ധമുള്ള നേതാക്കളുടെ വസതികളിൽ റെയ്ഡ് നടക്കുകയാണ്. ദക്ഷിണ കന്നഡ ജില്ലയിൽ ഉപ്പിനങ്ങാടിയിലും സുള്ള്യയിലും റെയ്ഡ് നടത്തുന്നുണ്ട്.
തീവ്രവാദ ഫണ്ടിംഗ് ആരോപിച്ച് പിഎഫ്ഐയെ കേന്ദ്രം അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചിരുന്നു. എന്‍ഐഎയും ഇഡിയും രാജ്യത്തുടനീളം നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെയായിരുന്നു സര്‍ക്കാര്‍ തീരുമാനം. രാജ്യവ്യാപകമായി നിരോധിച്ചിട്ടുണ്ടെങ്കിലും പിഎഫ്‌ഐയുടെയും അനുബന്ധ സംഘടനകളുടെയും പ്രവര്‍ത്തനം പൂര്‍ണമായും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.