Saturday, October 19, 2024
Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുമ്പോള്‍ ആദ്യം വെള്ളമെത്തുന്നത് വള്ളക്കടവില്‍

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കുമ്പോള്‍ ആദ്യം വെള്ളമെത്തുന്നത് വള്ളക്കടവില്‍. ജനവാസകേന്ദ്രമായ വള്ളക്കടവിലേക്ക് 20 മിനിറ്റ് കൊണ്ടു വെള്ളം ഒഴുകിയെത്തുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് മഞ്ചുമല, വണ്ടിപ്പെരിയാര്‍, മ്ലാമല, ശാന്തിപ്പാലം, ചപ്പാത്ത്, ആലടി, ഉപ്പുതറ, ആനവിലാസം, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ വഴിയാണ് ഇടുക്കി ജലാശയത്തിലെത്തുന്നത്.

രാവിലെ ഏഴ് മണിക്ക് അണക്കെട്ടിന്റെ സ്പില്‍വേയിലൂടെ വെള്ളം ഒഴുക്കിവിട്ടാല്‍ വെള്ളം ഇടുക്കി ഡാമില്‍നിന്ന് 35 കി.മീ അകലെയുള്ള അയ്യപ്പന്‍ കോവിലില്‍ ഉച്ചയ്ക്ക് 12 മണിക്ക് എത്തും. ഇടുക്കി ജലാശയത്തിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിലൂടെയാവും ആവശ്യം വന്നാല്‍ വെള്ളം പെരിയാറിലേക്ക് ഒഴുക്കുക. ഏലപ്പാറ, ഉപ്പുതറ, പെരിയാര്‍, മഞ്ചുമല, അയ്യപ്പന്‍ കോവില്‍, കാഞ്ചിയാര്‍, ആനവിലാസം എന്നിവിടങ്ങളില്‍നിന്ന് 3,220 പേരെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടിവരിക.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് നിലവില്‍ സെക്കന്‍ഡില്‍ 5,800 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. ഇതില്‍ 2,300 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. സ്പില്‍വേ ഷട്ടറുകള്‍ നാളെ രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. ജലനിരപ്പ് പരമാവധി 139 അടിയായി ക്രമീകരിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. നിലവിലെ റൂള്‍ കര്‍വ് 136 അടിയായി നിജപ്പെടുത്തണമെന്നും കേരളം ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published.