Thursday, January 9, 2025
Kerala

കേരളപ്പിറവി ദിനത്തില്‍ സ്കൂള്‍ തുറക്കുമ്പോള്‍ കരുതലും ജാഗ്രതയും തുടരണം; മുഖ്യമന്ത്രി

കൊവിഡ് 19 മഹാമാരി സൃഷ്ടിച്ച ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ക്ലാസ് മുറികൾ സജീവമാകാൻ പോകുകയാണ്. നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമെടുത്തു.

ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും പതിനഞ്ച് ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും നിർദ്ദേശം നൽകി.

പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേര്‍ന്ന് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തും.

രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചർച്ച ചെയ്ത് തീരുമാനിക്കും. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകളും എല്ലാ വിദ്യാലയങ്ങളും സ്വീകരിക്കണം.

കുട്ടികള്‍ക്കുവേണ്ടി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കും. സ്‌കൂളുകളിലും മാസ്‌കുകള്‍ നിർബന്ധമായും കരുതേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *