മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്താമെന്ന് തമിഴ്നാട് സമ്മതിച്ചതായി റോഷി അഗസ്റ്റിന്‍
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്താമെന്ന് തമിഴ്നാട് സമ്മതിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ജലനിരപ്പ് 138 അടിയില്‍ എത്തിയാല്‍ സ്പില്‍വേ വഴി വെള്ളം ഒഴുക്കി വിടാം എന്ന് ഉന്നത തല സമിതി യോഗത്തില്‍ തമിഴ്‌നാട് സമ്മതിച്ചതായും മന്ത്രി പത്ര സമ്മേളനത്തില്‍ പറഞ്ഞു.
ജല നിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്ന് യോഗത്തില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. 2018 ല്‍ ജലനിരപ്പ് 139.99 അടിയായി നിലനിര്‍ത്തണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം കേരളം യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനേക്കാള്‍ അപകടകരമായ അവസ്ഥയാണ് ഉള്ളതെന്നും അതിനാല്‍ പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.