Sunday, April 13, 2025
Kerala

പാലാരിവട്ടം പാലം പൊളിച്ചുപണിയല്‍ ഇന്ന് തുടങ്ങും

പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയാനുള്ള നടപടികള്‍ ഇന്ന് തുടങ്ങും. പാലത്തിന്‍റെ 35 ശതമാനം ഭാഗം മാത്രമായിരിക്കും പൊളിച്ചുപണിയുക. 8 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ആദ്യ ഘട്ടത്തില്‍ ടാറിംഗ് നീക്കുന്ന ജോലികള്‍. ഒരാഴ്ചക്കുളളില്‍ പണി പൂര്‍ത്തിയാക്കി അവശിഷ്ടങ്ങള്‍ മുട്ടം യാര്‍ഡിലേക്ക് മാറ്റും. രണ്ടാം ഘട്ടത്തില്‍ ഗർഡറുകൾ നീക്കം ചെയ്യും. യന്ത്രങ്ങളുടെ സഹായത്തോടെയാകും മുഴുവൻ ഗർഡറുകളും മുറിച്ച് മാറ്റുക.

ശേഷം പ്രീ സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ പുതുതായി സ്ഥാപിക്കും. പാലത്തിന്റെ മധ്യഭാഗത്തുള്ള സ്പാനുകളും പിയര്‍ ക്യാപുകളും പൂര്‍ണമായും നീക്കം ചെയ്യുന്നതാണ് അടുത്ത ഘട്ടം. അവശേഷിക്കുന്ന ഭാഗത്തുള്ള സ്പാനുകളും പിയര്‍ ക്യാപുകളും ഭാഗികമായും നീക്കം ചെയ്യും. ഇത്തരത്തില്‍ 8 മാസത്തോടെ പണി പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം മെയില്‍ പുതിയ പാലം ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാനായി മുന്‍കരുതല്‍ സ്വീകരിച്ചായിരിക്കും പണി നടക്കുക. ഇതിനായി കൃത്യമായി സമയം നിശ്ചയിച്ച് ഓരോ ഭാഗങ്ങളായി പൊളിച്ച് നീക്കാനാണ് തീരുമാനം.

പതിനെട്ടരക്കോടി രൂപയാണ് പാലാരിവട്ടം പാലം പൊളിച്ച് പണിയാനുള്ള ചിലവ് കണക്കാക്കുന്നത്. പാലത്തിന്റെ ടാറിങ് അവശിഷ്ടങ്ങൾ റോഡ് നിർമാണത്തിന് തന്നെ പുനരുപയോഗിക്കും. പൊളിച്ച് മാറ്റുന്ന ഗർഡറുകളുടെ അവശിഷ്ടങ്ങൾ കടൽഭിത്തി നിർമ്മാണത്തിനടക്കം ഉപയോഗിക്കാനുള്ള സാധ്യതകളാണ് സർക്കാർ തേടുന്നത്. 39 കോടി ചെലവില്‍ നിര്‍മ്മിച്ച പാലാരിവട്ടം പാലം 2016 ഒക്ടോബറില്‍ ഗതാഗതത്തിന് തുറന്ന് കൊടുത്തെങ്കിലും നിര്‍മ്മാണത്തിലെ വൈകല്യം കാരണം ഒന്നര വര്‍ഷത്തിനുളളില്‍ അടച്ചിടുകയായിരുന്നു. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് പാലം പൊളിച്ചു പണിയാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *