കുമ്പള കൊലപാതകം: ശ്രീകുമാർ കുറ്റം സമ്മതിച്ചു, ആത്മഹത്യ ചെയ്തവർക്കും കൃത്യത്തിൽ പങ്ക്
കുമ്പളയിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ കസ്റ്റഡിയിലായ ശ്രീകുമാർ കുറ്റം സമ്മതിച്ചതായി പോലീസ്. ഇന്നലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ശ്രീകുമാറിന്റെ സുഹൃത്തുക്കളായ റോഷനും മണികണ്ഠനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് പോലീസ് പറയുന്നു.
തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് ഫ്‌ളോർ മിൽ ജീവനക്കാരനായ ഹരീഷിനെ ശ്രീകുമാർ വെട്ടിക്കൊന്നത്. ഹരീഷ് ജോലി ചെയ്യുന്ന മില്ലിലെ ഡ്രൈവറാണ് ഇയാൾ. ഇതിന് പിന്നാലെയാണ് ശ്രീകുമാറിന്റെ സുഹൃത്തുക്കളായ റോഷനെയും മണികണ്ഠനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കൊലപാതകം നടന്ന രാത്രിയിൽ പ്രതിക്കൊപ്പം ഇരുവരും കാറിൽ സഞ്ചരിച്ചിരുന്നു. റോഷന്റെയും മണികണ്ഠന്റെയും മരണത്തിൽ ഉത്തരവാദി ശ്രീകുമാറാണെന്ന് ആരോപിച്ച് ബന്ധുക്കളും രംഗത്തുവന്നു. മണലിന്റെ പണിയുണ്ടെന്ന് പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്ന് രാത്രി പോയതെന്നും ബന്ധുക്കൾ അറിയിച്ചു.