Wednesday, April 16, 2025
Kerala

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; സിപിഐഎമ്മിനെ വെട്ടിലാക്കി വീണ്ടും സൈബർ പോരാട്ടം; കെ എച്ച് ബാബുജാനെതിരെ വീണ്ടും ചെമ്പട കായംകുളം

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ സിപിഐഎമ്മിനെ വെട്ടിലാക്കി വീണ്ടും സൈബർ പോരാട്ടം. സി.പി.ഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സർവകലാശാല സിൻഡിക്കേറ്റംഗവുമായ കെ എച്ച് ബാബുജാനെതിരെ വീണ്ടും ചെമ്പട കായംകുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌.

SFI നേതാവ് നിഖിൽ തോമസിനെ സഹായിച്ചത് ബാബുജാൻ ആണെന്നാണ് പ്രധാന ആരോപണം. എഫ്.ബി. അക്കൗണ്ടുകൾക്കെതിരെ സി.പിഐഎം നേതൃത്വം കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. അതേ സമയം കേസിലെ രണ്ടാം പ്രതി അബിൻ സി.രാജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ബാബുജാനേ ഉന്നം വച്ചാണ് ഇത്തവണ ചെമ്പട കായംകുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാന്യതയുടെ മുഖംമൂടിയണിഞ്ഞ ബാബുജാൻ ആട്ടിൻ തോലിട്ട ചെന്നായ ആണ്. സർവകലാശാലയിൽ നിന്ന് നിഖിലിന് തുല്യത സർട്ടിഫിക്കറ്റ് കൊടുത്തതും കോളേജ് മാനേജരെ ഭീഷണിപ്പെടുത്തി നിഖിലിന്റെ അഡ്മിഷൻ തരപ്പെടുത്തിയതും സിപിഐഎം പാർട്ടി ഓഫീസ് അസിസ്റ്റന്റ് സെക്രട്ടറി ആയി നിഖിലിനെ നിയോഗിച്ചതും ബാബുജാൻ ആണെന്ന് പോസ്റ്റിലെ ആരോപണങ്ങൾ.

നിഖിലിൻ്റെ ഫോൺ കണ്ടെത്തിയാൽ കള്ളത്തരങ്ങൾ പുറത്താകുമെന്നും പോസ്റ്റിൽ പരാമർശമുണ്ട്. ആരോപണങ്ങൾ ബാബുജാൻ നിഷേധിച്ചിരുന്നു.അതെ സമയം വ്യാജ സർട്ടിഫിക്കേറ്റ് കേസിൽ നിഖിലിന് പുറമെ അബിൻ സി.രാജ് മറ്റാർക്കെങ്കിലും വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സർട്ടിഫിക്കറ്റ് നൽകിയ ഓറിയോൺ ഏജൻസിയുടമയെയും പോലീസ് പ്രതി ചേർത്തേക്കും. ഒളിവിൽ കഴിയുന്ന ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്. അബിൻ സിരാജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യാനായി അന്വേഷണസംഘം ഇയാൾക്ക് കസ്റ്റഡി അപേക്ഷയും നൽകും.

Leave a Reply

Your email address will not be published. Required fields are marked *