തൃശ്ശൂർ പൂരം എല്ലാ ചടങ്ങുകളോടെയും നടക്കും; ജനപങ്കാളിത്തത്തിലും നിയന്ത്രണമുണ്ടാകില്ല
തൃശ്ശൂർ പൂരം മുൻവർഷങ്ങളിലേത് പോലെ എല്ലാ ചടങ്ങുകളോടെ നടത്താൻ തീരുമാനം. പൂരത്തിൽ ജനപങ്കാളിത്തത്തിന് നിയന്ത്രണമുണ്ടാകില്ല. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം.
പൂരം വിളംബരം അറിയിച്ചുള്ള തെക്കേവാതിൽ തള്ളിത്തുറക്കുന്നത് മുതൽ 36 മണിക്കൂർ നീളുന്ന ചടങ്ങുകളിൽ ഒന്നും വെട്ടിക്കുറയ്ക്കില്ല. എട്ട് ക്ഷേത്രങ്ങളിൽ നിന്നുള്ള ഘടകപൂരങ്ങളുമുണ്ടാകും. പതിനഞ്ച് വീതം ആനകളുണ്ടാകും. വെടിക്കെട്ടും പൂരം എക്‌സിബിഷനും നടക്കും.
പൂരം എക്‌സിബിഷന് പ്രതിദിനം 200 പേർക്ക് മാത്രം പ്രവേശനമെന്ന നിബന്ധന നീക്കി. നിയന്ത്രണമേർപ്പെടുത്തിയാൽ പൂരം തന്നെ ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഈ നിർദേശം നീക്കിയത്. ഏപ്രിൽ 23നാണ് പൂരം.