ഐപിഎൽ പൂരം ഏപ്രിൽ 9ന് ആരംഭിക്കും; മത്സരങ്ങൾ ആറ് വേദികളിലായി
ഐപിഎൽ പതിനാലാം സീസണ് ഏപ്രിൽ 9ന് തുടക്കമാകും. ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും.
ആറ് വേദികളിലായാണ് ഇത്തവണ ഐപിഎൽ നടക്കുന്നത്. ചെന്നൈക്ക് പുറമെ ബംഗളൂരു, അഹമ്മദാബാദ്, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ടൂർണമെന്റ് നടക്കുന്നത്. മെയ് 30നാണ് ഫൈനൽ
പ്ലേ ഓഫ് മത്സരങ്ങളും ഫൈനലും അഹമ്മദാബാദിലാണ് നടക്കുന്നത്. മെയ് 26 മുതൽ 30 വരെയുള്ള തീയതികളിലാണ് പ്ലേ ഓഫ് മത്സരങ്ങൾ. പ്രാഥമിക ഘട്ടത്തിൽ കാണികളെ പ്രവേശിപ്പിക്കില്ല. പ്ലേ ഓഫ് മുതൽ സാഹചര്യം അനുസരിച്ച് കാണികളെ പങ്കെടുപ്പിക്കുന്ന കാര്യം തീരുമാനിക്കും
56 മത്സരങ്ങളാണ് ഐപിഎല്ലിനുള്ളത്. ഇതിൽ 10 മത്സരങ്ങൾ വീതം ചെന്നൈ, മുംബൈ, കൊൽക്കത്ത, ബംഗളൂരു എന്നീ നഗരങ്ങളിൽ നടക്കും. അഹമ്മദാബാദ്, ഡൽഹി എന്നിവിടങ്ങളിൽ എട്ട് മത്സരങ്ങൾ വീതം നടക്കും.