ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ നൽകിയ മുൻകൂർ ജാമ്യഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ. അടുത്ത ബുധനാഴ്ചയാണ് ജാമ്യഹർജി പരിഗണിക്കാനിരുന്നത്. എന്നാൽ ഇത് അടിയന്തരമായി പരിഗണിക്കണമെന്നാണ് ഇപ്പോൾ പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.
പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ലക്ഷ്യമിട്ടാണ് ഹർജി. ഇതിനായി പ്രത്യേക ഹർജി ഇന്ന് സമർപ്പിക്കും. കേസ് ഇന്നുച്ചയ്ക്ക് കോടതി പരിഗണിച്ചേക്കും. പ്രതികളെ ഉടൻ കസ്റ്റഡിയിൽ ലഭിച്ചില്ലെങ്കിൽ കൂടുതൽ തെളിവുകൾ നശിപ്പിച്ചേക്കുമെന്ന വാദമായിരിക്കും പ്രോസിക്യൂഷൻ ഉന്നയിക്കുക.
മൂന്ന് ദിവസം പ്രതികളെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൽ ഇന്നലെ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. ഡിജിറ്റൽ തെളിവുകൾ വിശകലനം ചെയ്യാൻ കൂടുതൽ സാവകാശം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതോടെയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റിയത്.