കേന്ദ്ര നീക്കത്തെ എതിർക്കേണ്ടത് ജനങ്ങളെ അണിനിരത്തിയാകണം; കോടിയേരിയോട് കാനം
ലോകായുക്ത ഭേദഗതി ഓർഡിൻസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വീണ്ടും രംഗത്ത്. നിയമസഭ കൂടാൻ ഒരു മാസം ബാക്കി നിൽക്കെ എന്തുകൊണ്ടാണ് ഓർഡിനൻസ് ഇറക്കാൻ ധൃതിയെന്ന് കാനം ചോദിച്ചു. ഈ ചോദ്യത്തിന് ആരും മറുപടി നൽകിയില്ല. കേന്ദ്രത്തെ ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന സാഹചര്യമുണ്ട്. എന്നാൽ അതിനെ നേരിടേണ്ടത് നിയമം ഭേദഗതി ചെയ്തുകൊണ്ടല്ല, ജനങ്ങളെ അണിനിരത്തിയാകണമെന്നും കാനം പറഞ്ഞു
സംസ്ഥാന സർക്കാരിനെ കേന്ദ്രം അസ്ഥിരപ്പെടുത്താനുള്ള നീക്കം തടയാൻ വേണ്ടിയാണ് ഓർഡിനൻസ് എന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കാനത്തിന്റെ പരാമർശം. നിയമസഭ സമ്മേളിക്കാത്ത അവസരത്തിൽ മന്ത്രിസഭക്ക് ഓർഡിനൻസ് തയ്യാറാക്കി ഗവർണർക്ക് സമർപ്പിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്നും കോടിയേരി പറഞ്ഞിരുന്നു.