ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി; അതുവരെ അറസ്റ്റിനും വിലക്ക്
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി. അതുവരെ ദിലീപിനെയും മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്യുന്നതിനും വിലക്കുണ്ട്. പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്യാൻ അനുവദിച്ചതിന് ശേഷം കേസ് ഇന്ന് കോടതി പരിഗണിക്കാനിരുന്നതാണ്. എന്നാൽ പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് മാറ്റിയത്
ചില തെളിവുകൾ പരിശോധിക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ഗോപിനാഥിന്റെ ബഞ്ച് കേസ് മാറ്റിയത്. അന്വേഷണ പുരോഗതി മുദ്രവെച്ച കവറിൽ കൈമാറാമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.
മൂന്ന് ദിവസമായി 33 മണിക്കൂറോളം നേരമാണ് ദിലിപീനെയും മറ്റ് പ്രതികളെയും അന്വേഷണ സംഘം ചോദ്യം ചെയ്തത്. കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടാണ് മൂന്ന് ദിവസവും ദിലീപ് സ്വീകരിച്ചത്.