ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള രേഖാമൂലമുള്ള ഉത്തരവ് ഹൈക്കോടതിയിൽ നിന്ന് വന്നിട്ടില്ല. എന്നാൽ വെള്ളിയാഴ്ച വരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികളുണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു
കേസ് അപഹാസ്യമാണ്. നാല് വർഷത്തിന് ശേഷമാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തലുമായി വരുന്നത്. മുഖ്യമന്ത്രിക്കും പിന്നീട് പോലീസിനും നൽകിയ പരാതിയിൽ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കാര്യം ബാലചന്ദ്രകുമാർ പറയുന്നില്ല. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥൻ നൽകുന്ന മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
വിചാരണ അന്തിമ ഘട്ടത്തിലെത്തിയപ്പോൾ അതിനെ അട്ടിമറിക്കാനുള്ള നീക്കമാണ് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനും ബാലചന്ദ്രകുമാറും തമ്മിലുള്ള ഗൂഢാലോചനയാണിതെന്നും ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു