ക്രിസ്മസ് ദിനങ്ങളിൽ റെക്കോർഡ് കുടിയുമായി മലയാളികൾ; രണ്ട് ദിവസത്തിൽ വിറ്റത് 150 കോടി രൂപയുടെ മദ്യം
ക്രിസ്മസിന് റെക്കോർഡ് കുടിയുമായി മലയാളികൾ. രണ്ട് ദിവസത്തിനിടെ 150.38 കോടി രൂപയുടെ മദ്യമാണ് മലയാളികൾ കുടിച്ചുതീർത്തത്. ക്രിസ്മസ് തലേന്ന് ബീവറേജസ് കോർപറേഷൻ 65.88 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇത് 55 കോടി രൂപയായിരുന്നു.
തിരുവനന്തപുരം പവർ ഹൗസ് ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 73 ലക്ഷം രൂപയുടെ മദ്യം ഇവിടെ മാത്രം വിറ്റഴിച്ചു. ക്രിസ്മസ് ദിനത്തിൽ കേരളത്തിലാകെ വിറ്റത് 73 കോടി രൂപയുടെ മദ്യമാണ്. ബീവറേജ് ഔട്ട്‌ലെറ്റ് വഴി 65 കോടിയുടെയും കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റ് വഴി എട്ട് കോടി രൂപയുടെയും മദ്യം വിറ്റു. ക്രിസ്മസ് തലേന്ന് കൺസ്യൂമർ പെഡ് ഔട്ട്‌ലെറ്റ് വഴി 11.5 കോടിയുടെ മദ്യമാണ് വിറ്റത്. ഇതോടെ രണ്ട് ദിവസം കൊണ്ട് കേരളത്തിൽ വിറ്റഴിച്ചത് 150.38 കോടി രൂപയുടെ മദ്യമാണ്
ക്രിസ്മസ് ദിനത്തിലും തിരുവനന്തപുരം പവർ ഹൗസ് ഔട്ട്‌ലെറ്റാണ് വിൽപ്പനയിൽ ഒന്നാമത്. 73.54 ലക്ഷം രൂപയുടെ മദ്യം വിറ്റു. ചാലക്കുടി ബീവറേജാണ് രണ്ടാമത്. 70.70 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് വിറ്റത്. 60 ലക്ഷം രൂപയുടെ മദ്യം വിറ്റ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റ് മൂന്നാം സ്ഥാനത്ത് എത്തി.