ജനുവരി ഒന്നിന് സ്‌കൂളുകള്‍ തുറക്കും; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത്
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി. ജനുവരി ഒന്നിന് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ 50 ശതമാനം കുട്ടികളെയാണ് അനുവദിക്കുക. 10, 12 ക്ലാസ്സുകളില്‍ 300ലധികം കുട്ടികളുള്ള സ്‌കൂളുകളില്‍ 25 ശതമാനം പേരെയാണ് ഒരേ സമയം അനുവദിക്കുകയുള്ളൂ എന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
ജനുവരി ഒന്നിന് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്. ഒരേ സമയം 50 ശതമാനം കുട്ടികളാണ് സ്‌കൂളുകളില്‍ ഉണ്ടാകുക. 10,12 ക്ലാസ്സുകളില്‍ 300 ലധികം കുട്ടികളുള്ള സ്‌കൂളുകളില്‍ 25 ശതമാനം കുട്ടികളെയാണ് ഒരു ദിവസം അനുവദിക്കുക. സ്‌കൂളുകളില്‍ മാസ്‌ക്, സാനിടൈസര്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ എന്നിവ സജ്ജീകരിക്കണം.
കുട്ടികള്‍ തമ്മില്‍ 2 മീറ്റര്‍ അകലം പാലിക്കണം. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുവാനോ, ഭക്ഷണം, വെള്ളം എന്നിവ പങ്കു വെയ്ക്കാനോ പാടില്ല. ക്ലാസ് മുറികളുടെ വാതിലുകള്‍, കൈപിടി, ഡെസ്‌ക്, ഡസ്റ്റര്‍ എന്നിവ 2 മണിക്കൂര്‍ കൂടുമ്പോള്‍ അണുനശീകരണം നടത്തണം. സ്‌കൂളുകളില്‍ ആരോഗ്യ പരിശോധനാ സൗകര്യം ഒരുക്കണം. ആദ്യത്തെ ആഴ്ചയില്‍ രാവിലെയും ഉച്ചയ്ക്കും രണ്ട് ഘട്ടമായി 3 മണിക്കൂര്‍ വീതമാണ് ക്ലാസ്സുകള്‍ നടത്തേണ്ടത്.
സ്‌കൂളില്‍ എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ക്ലാസ്സുകള്‍ നല്‍കണം. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ വീട്ടില്‍ ചെന്ന് പഠന പിന്തുണ നല്‍കണം. എല്ലാ സ്‌കൂളുകളിലും പ്രധാന അധ്യാപകന്റെ നേതൃത്വത്തില്‍ കൊവിഡ് സെല്‍ രൂപീകരിക്കാനും നിര്‍ദ്ദേശമുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ വിക്ടേഴ്സ് ചാനല്‍ വഴിയാണ് സംസ്ഥാനത്ത് ക്ലാസ്സുകള്‍ നടന്നിരുന്നത്.