സാമൂഹിക അകലം പാലിച്ച് യു.എ.ഇയില്‍ ഇന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കും
ദുബൈ: സാമൂഹിക അകലം പാലിച്ച് യു.എ.ഇയില്‍ ഇന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കും. നോളജ് ആന്റ് ഹ്യൂമന്‍ അതോറിറ്റി നിര്‍ദേശിച്ച എല്ലാ കൊവിഡ് നിയന്ത്രണങ്ങളും ഒരുക്കിയാണ് വിദ്യാര്‍ഥികള്‍ ഇന്ന് ക്ലാസ് മുറികളിലെത്തുക.
അതേ സമയം, അധ്യാപകരുടെയും ജീവനക്കാരുടെയും കൊവിഡ് ടെസ്റ്റ് പൂര്‍ത്തിയാവാത്തതിനാല്‍ ദുബൈയിലെ ചില സ്‌കൂളുകള്‍ കാംപസ് പഠനം പുനരാരംഭിക്കുന്നത് നീട്ടി. ടെസ്റ്റ് ഫലം വരുന്നതുവരെ ഈ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരും. സെന്‍ട്രല്‍ സ്‌കൂള്‍ ദുബൈ, ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍, അമിറ്റി സ്‌കൂള്‍ ദുബൈ തുടങ്ങിയവ ഇതില്‍പ്പെടും.
അബുദാബിയിലും സുരക്ഷിതമായ ക്ലാസ് മുറികളും പ്രത്യേക സോണുകളും സജ്ജമായി. മുറികള്‍ മുഴുവന്‍ അണുവിമുക്തമാക്കുകയും പ്രധാന സ്ഥലങ്ങളില്‍ സാനിറ്റൈസറുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പ്രൈമറി വിദ്യാര്‍ഥികള്‍ മാത്രമാണ് ക്ലാസ്മുറികളില്‍ എത്തുന്നത്.
കുട്ടികളെ ക്ലാസിലേക്ക് അയക്കണോ ഓണ്‍ലൈന്‍ പഠനം തുടരണോ എന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാനുള്ള അവകാശം നല്‍കിയതിനാല്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ മാത്രമേ സ്‌കൂളില്‍ എത്തൂ.