ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ മറിയം റോയ്; വീണ്ടും ചരിത്ര തീരുമാനവുമായി സിപിഎം
ഏറ്റവും പ്രായം കുറഞ്ഞ മേയർക്ക് പിന്നാലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റും സിപിഎമ്മിൽ നിന്ന്. പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായി 21കാരി രേഷ്മ മറിയം റോയിയെ പാർട്ടി തീരുമാനിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ തന്നെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്നു രേഷ്മ
നേതൃപാടവം കണക്കിലെടുത്താണ് രേഷ്മയെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ തീരുമാനിച്ചതെന്ന് സിപിഎം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ പറഞ്ഞു. അരുവാപ്പുലം പഞ്ചായത്തിലെ 11ാം വാർഡിൽ നിന്നാണ് രേഷ്മ തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിന്റെ വാർഡ് 70 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഷ്മ പിടിച്ചെടുത്തത്.
21 വയസ്സ് തികഞ്ഞതിന്റെ അടുത്ത ദിവസമാണ് രേഷ്മ നാമനിർദേശ പത്രിക സമർപ്പിച്ചത്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും എസ് എഫ് ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്.