മാലിന്യസംസ്‌കരണ പ്ലാന്റിനെതിരായ പ്രതിഷേധം; ആവിക്കല്‍ തോടിലെ സമരപ്പന്തല്‍ പൊളിച്ചു
കോഴിക്കോട് ആവിക്കല്‍ തോട് മാലിന്യസംസ്‌കരണ പ്ലാന്റിനെതിരായ പ്രതിഷേധക്കാരുടെ സമരപ്പന്തല്‍ പൊളിച്ചുമാറ്റി. രാത്രിയുടെ മറവില്‍ പൊലീസാണ് സമരപ്പന്തല്‍ പൊളിച്ചതെന്ന് ആരോപിച്ച് സമരസമിതി രംഗത്തുവന്നു.
ഇന്ന് രാവിലെയാണ് സമരപന്തല്‍ പൊളിച്ച നിലയില്‍ ആളുകള്‍ കണ്ടത്. ഇന്നലെ രാത്രി 11 30 വരെ സമരസ്ഥലത്ത് ആളുകളുണ്ടായിരുന്നെന്നും രാവിലെ ആയപ്പോഴേക്കും പൊളിച്ചുമാറ്റിയതാണെന്നും സമരക്കാര്‍ ആരോപിച്ചു. സമരം തുടങ്ങിയപ്പോള്‍ കെട്ടിയ പന്തലാണ്. അവിടെയാണ് പൊലീസുകാര്‍ പോലും കിടന്നുറങ്ങുന്നത്. പന്തല്‍ തകര്‍ത്തത് പൊലീസ് തങ്ങളെ കള്ളക്കേസില്‍ കുടുക്കാനാണെന്നും പൊലീസ് നിരീക്ഷണത്തിലുള്ള സ്ഥലത്തെ പന്തലാണ് തര്‍ത്തതെന്നും സമരസമിതി പ്രതിനിധികള്‍ പറഞ്ഞു.
‘സമരം നടക്കുന്ന കാരണം എന്നും പൊലീസുകാര്‍ കാവല്‍ നില്‍ക്കുന്ന സ്ഥലമാണിത്. പക്ഷേ ഇന്നലെ വൈകിട്ടോടെ മുഴുവന്‍ പൊലീസുകാരെയും ഇവിടെ നിന്ന് മാറ്റി. കോതിയില്‍ പ്രതിഷേധം തുടങ്ങിയപ്പോള്‍, ഇവിടെയുണ്ടായിരുന്ന വാട്ടര്‍ ടാങ്ക്, സിമന്റ് ചാക്കുകള്‍ എന്നിവയടക്കം പല സാധനങ്ങളും പൊലീസിന്റെ സഹായത്തോടെ കൊണ്ടുപോയി. ഇത് ആസൂത്രിതമായി നടക്കുന്നതാണ്’. സമരസമിതി ട്വന്റിഫോറിനോട് പറഞ്ഞു.