ഖത്തര്‍ ലോകകപ്പില്‍ ജര്‍മനിക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം; എതിരാളികള്‍ സ്‌പെയിന്‍
ഖത്തര്‍ ലോകകപ്പില്‍ ഇന്ന് ജര്‍മനി സ്‌പെയിനിനെ നേരിടാനിറങ്ങുന്നു. ആദ്യ മത്സരത്തില്‍ തോറ്റ ജര്‍മനി ഇന്നും വിജയിച്ചില്ലെങ്കില്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകും. രാത്രി 12.30നാണ് ജര്‍മനി-സ്‌പെയിന്‍ പോരാട്ടം.
ലോകകപ്പിലെ മരണഗ്രൂപ്പില്‍ നിന്ന് പുറത്താകലിന്റെ വക്കിലാണ് ജര്‍മനി. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കടുപ്പമേറിയ പോരാട്ടത്തില്‍ സ്‌പെയിനാണ് എതിരാളികള്‍. തോറ്റാല്‍ നേരത്തെ മടങ്ങാം. ജപ്പാനെതിരെ ഫിനിഷിങിലെ പിഴവാണ് ജര്‍മനിക്ക് വിനയായത്. മത്സരത്തിന്റെ പകുതിക്കിടെ പിന്‍വലിച്ച ഗുണ്ടുഗ്ാന്‍ ഇന്ന് 90 മിനിറ്റും കളിച്ചേക്കും.
സ്‌ട്രൈക്കര്‍ നികോളസ് ഫുള്‍കോഗിനെ മുന്നേറ്റത്തില്‍ പരീക്ഷിച്ചേക്കും. പ്രതിരോധത്തില്‍ തിലോ കെഹ്‌രറെ നിയോഗിക്കും. മറുവശത്ത് മിന്നുന്ന ഫോമിലാണ് സ്‌പെയിന്‍. പരിശീലകന്‍ ലൂയി എന്റികാണ് സ്‌പെയിനിന്റെ കരുത്ത്. പന്ത് കൈവശം വയ്ക്കുന്ന സ്ഥിരം ശൈലിയല്ല ഇത്തവണ. പരിധിയില്ലാത്ത ആക്രമണമാണ് സ്‌പെയിന്‍ ലക്ഷ്യമിടുന്നത്.
പാസുകള്‍ കൊണ്ട് മുന്നേറുന്ന സ്‌പെയിനിനെ സ്വന്തം പോസ്റ്റിനടുത്ത് നിന്ന് കൊണ്ട് പ്രതിരോധിക്കുന്ന തന്ത്രം കൊണ്ടാകും ജര്‍മനി നേരിടുക. പ്രത്യാക്രണത്തിലൂടെ ആകും ജര്‍മനിയുടെ മുന്നേറ്റം.