‘ലോകത്തെ ഏറ്റവും വലിയ ആണവശക്തിയാവുകയാണ് ഉത്തരകൊറിയയുടെ ലക്ഷ്യം’; കിം ജോങ് ഉന്‍
ലോകത്തിലെ ഏറ്റവും വലിയ ആണവശക്തി സ്വന്തമാക്കുകയെന്നതാണ് ഉത്തരകൊറിയയുടെ ലക്ഷ്യമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തരകൊറിയയുടെ പുതിയ ഹ്വാസോങ്17 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) പരീക്ഷണം നടത്തുകയും ആണവായുധങ്ങള്‍ ഉപയോഗിച്ച് യുഎസ് ആണവ ഭീഷണികളെ നേരിടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തതിന് ശേഷമാണ് കിമ്മിന്റെ പ്രഖ്യാപനം.
‘ലോകത്തെ ഏറ്റവും വലിയ ആണവശക്തിയായി ഉത്തരകൊറിയ വളരുന്നത് രാജ്യത്തിന്റെയും ജനങ്ങളുടെയും അന്തസും പരമാധികാരവും സംരക്ഷിക്കും. ലോകത്തിലെ ഏറ്റവും വലിയ തന്ത്രപരമായ ശക്തിയെ സ്വന്തമാക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം. ഈ നൂറ്റാണ്ടില്‍ അഭൂതപൂര്‍വമായ സമ്പൂര്‍ണ ശക്തിയാവുമത്’ കിം പറഞ്ഞു.
ലോകത്തിലെ ഏറ്റവും ശക്തമായ തന്ത്രപ്രധാന ആയുധം എന്നാണ് ഹ്വാസോങ്17നെ കിം ജോങ് ഉന്‍ വിശേഷിപ്പിച്ചത്. ഏറ്റവും ശക്തമായ സൈന്യത്തെ സൃഷ്ടിക്കാനുള്ള ഉത്തരകൊറിയയുടെ ദൃഢനിശ്ചയമാണ് ഹ്വാസോങ്17ലൂടെ സാധ്യമായത്. ബാലിസ്റ്റിക് മിസൈലുകളില്‍ ന്യൂക്ലിയര്‍ വാര്‍ഹെഡുകള്‍ ഘടിപ്പിക്കുന്ന സാങ്കേതികവിദ്യയുടെ വികസനത്തില്‍ ഉത്തരകൊറിയന്‍ ശാസ്ത്രജ്ഞര്‍ വലിയ കുതിച്ചുചാട്ടം നടത്തിയെന്നും കിം പറഞ്ഞു.
മിസൈല്‍ പരീക്ഷണത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം കിം ഫോട്ടോയ്ക്കും പോസ് ചെയ്തുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഹ്വാസോങ് 17 വികസിപ്പിക്കുന്ന സമയത്ത് കിം തങ്ങളെ ഓരോ കാര്യങ്ങളും ശ്രദ്ധാപൂര്‍വ്വം പഠിപ്പിച്ചുവെന്നായിരുന്നു ശാസ്ത്രജ്ഞരുടെ പ്രതികരണം.