കൊച്ചി ബാറിലെ വെടിവയ്പ്പ്; ഫൊറന്‍സിക് സംഘം ഇന്ന് സ്ഥലത്തെത്തും
കൊച്ചി ബാറിലെ വെടിവെപ്പില്‍ ഫോറന്‍സിക് സംഘം ഇന്ന് ബാറിലെത്തി പരിശോധന നടത്തും. ഇന്നലെ ആലപ്പുഴ അര്‍ത്തുങ്കലില്‍ നിന്നും പ്രതികള്‍ പിടിയില്‍ ആയിരുന്നു. ഇവരെ രാത്രി തന്നെ മരട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
വെടിയുതിര്‍ത്ത റോജന്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയതാണ്. ബാറില്‍ ഇതിന്റെ പാര്‍ട്ടി നടത്തിയ ശേഷമായിരുന്നു വെടിവെപ്പ്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന അഡ്വ.ഹറോള്‍ഡ്‌നെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള റോജന് തോക്ക് എങ്ങനെ ലഭിച്ചു എന്ന് വ്യക്തമല്ല. ഇയാളെ വിശദമായി പൊലീസ് ഇന്ന് ചോദ്യം ചെയ്യും.
ഇന്നലെ വൈകിട്ടായിരുന്നു കൊച്ചി കുണ്ടന്നൂരിലെ ഒജിഎസ് കാന്താരി ബാറില്‍ നിന്ന് മദ്യപിച്ച് ഇറങ്ങവേ ഇരുവരും വെടിയുതിര്‍ത്തത്. മദ്യപിക്കാനെത്തിയവര്‍ തമ്മില്‍ വെടിവെക്കുകയായിരുന്നു. മദ്യപിച്ച് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഭിത്തിയിലേക്കാണ് വെടിവച്ചത്. വൈകിട്ട് നാല് മണിക്കാണ് സംഭവമുണ്ടായതെങ്കിലും ബാര്‍ അധികൃതര്‍ സംഭവം മറച്ചുവെക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.