തളിക്കുളം ബാറിലെ കൊലപാതകം; ഏഴംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍
തൃശൂര്‍ തളിക്കുളത്ത് ബാറില്‍ വച്ചുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഏഴംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റിലായി. ബില്ല് മാറി തിരിമറി നടത്തിയതിന് താക്കീത് നല്‍കിയ ജീവനക്കാരന്‍ ഏല്‍പ്പിച്ച ക്വട്ടേഷന്‍ എന്നാണ് സൂചന. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കണ്ടെത്തി. ബാറുടമയുടെ സഹായി പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി തോട്ടുങ്ങല്‍ വീട്ടില്‍ ബൈജുവാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇന്നലെ രാത്രി 9. 45ഓടെയായിരുന്നു കൊലപാതകം നടന്നത്. തളിക്കുളത്തെ പുത്തന്‍തോട് പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ബാറിലാണ് സംഭവം. പത്ത് ദിവസം മുന്‍പാണ് ബാര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ബാറിലെ ജീവനക്കാരനായ അമല്‍, വിഷ്ണു എന്നിവരാണ് ക്വട്ടേഷന്‍ നല്‍കിയത്. ഒന്നര ലക്ഷം രൂപ ഇവര്‍ ബില്ലില്‍ തിരിമറി നടത്തിയെന്ന് ബാറുടമ കൃഷ്ണരാജ് കണ്ടെത്തിയിരുന്നു. തട്ടിപ്പ് കണ്ടെത്തിയ കൃഷ്ണരാജ് ഇവരെ ചോദ്യം ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി വിഷയം പറഞ്ഞുതീര്‍ക്കാനാണ് ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങള്‍ എത്തിയത്.
ബാറില്‍ വച്ച് ഇവര്‍ സംസാരിക്കുന്നതിനിടയില്‍ തര്‍ക്കമുണ്ടാകുകയും കൃഷ്ണരാജ് പണം തിരികെ വേണമെന്നാവശ്യപ്പെടുകയും ചെയ്തു. ഇതില്‍ പ്രകോപിതാരായാണ് കൃഷ്ണരാജിനെ കുത്തിയത്. കുത്തേറ്റ ഇയാള്‍ ക്യാബിനിലേക്ക് ഓടിക്കയറി. ബൈജു, ആനന്ദ് എന്നിവരും കൃഷ്ണരാജിനൊപ്പമുണ്ടായിരുന്നു. റിസപ്ഷന് പുറത്ത് വച്ച് ഇവര്‍ക്കും കുത്തേല്‍ക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കും വഴി ബൈജു മരണപ്പെട്ടു. ബാറുമട കൃഷ്ണരാജിനെയും അനന്തുവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.