Monday, January 6, 2025
Health

ഡെങ്കിപ്പനി നിരക്ക് കൂടുന്നു; പശ്ചിമബംഗാളില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 840 കേസുകള്‍

പശ്ചിമ ബംഗാളില്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നു. ഇന്നലെ ഒരു ദിവസം മാത്രം സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 840 ഡെങ്കി കേസുകളാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കിപ്പനി തടയാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ശുദ്ധജലം മാത്രം കുടിക്കാനുപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

7682 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് 840 പേരുടെ രോഗം സ്ഥിരീകരിച്ചത്. 541 പേരെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നോര്‍ത്ത് 24 പര്‍ഗാനാസ്, ഹൗറ, കൊല്‍ക്കത്ത, ഹൂഗ്ലി, മുര്‍ഷിദാബാദ്, ജല്‍പായ്ഗുരി, ഡാര്‍ജിലിംഗ് ജില്ലകളില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡെങ്കിയെ പ്രതിരോധിക്കാം

രക്തസ്രാവം ഉണ്ടാക്കുന്ന ഡെങ്കിപ്പനിയാണ് ഡെങ്കി ഹെമറാജിക് പനി. ചികിത്സിച്ചാല്‍ പോലും ഭേദമാകാന്‍ പ്രയാസമുള്ള ഡെങ്കി ഹെമറാജിക് പനി മാരകമാണ്. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ സ്വയം ചികിത്സക്ക് മുതിരാതെ എത്രയും പെട്ടെന്ന് തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം.

ഡെങ്കിപ്പനി വിവിധങ്ങളായ രോഗലക്ഷണങ്ങളോടെ പ്രകടമാകാം. മറ്റു പല വൈറല്‍ പനിയും പോലെ ഡെങ്കിപ്പനിയും അനിശ്ചിതമായ ഭാവപ്പകര്‍ച്ച രീതികള്‍ കാണിക്കുന്നു. എന്നാല്‍ ചിലപ്പോള്‍ രോഗം സങ്കീര്‍ണ്ണമായി രോഗിയുടെ ജീവനു തന്നെ ഭീഷണിയാകുന്ന ഡെങ്കു ഹെമറേജിക് ഫീവര്‍, ഡെങ്കു ഷോക്ക് സിന്‍ഡ്രോം എന്നീ ഗുരുതരമായ അവസ്ഥ ഉണ്ടാകാം. ഡെങ്കിപ്പനി രണ്ടാമതും പിടിപെട്ടാല്‍ കൂടുതല്‍ ഗുരുതരമാകാം. ആദ്യം രോഗം വന്നു പോയത് ചിലപ്പോള്‍ അറിയണമെന്നില്ല. അതിനാല്‍ ഡെങ്കിപ്പനി ഉണ്ടായാല്‍ രണ്ടാമത് രോഗം വരുമെന്ന രീതിയില്‍ തന്നെ അതീവ ശ്രദ്ധ പുലര്‍ത്തണം.

Leave a Reply

Your email address will not be published. Required fields are marked *