Saturday, October 19, 2024
Kerala

സിപിഐഎം ഓഫീസ് ആക്രമണം; അവസാനം പൊലീസിന് തത്വമസി എന്ന് എഴുതേണ്ടി വരുമെന്ന് കെ. സുരേന്ദ്രൻ

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം സിപിഐഎം തന്നെ ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രം​ഗത്ത്. എകെജി സെന്റർ ആക്രമണം പോലെ തന്നെയാണ് ഇതും. നിലവിലെ വിവാദത്തൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാരിന്റെ ശ്രമം. ഒടുവിൽ പൊലീസിന് തത്വമസി എന്ന് എഴുതേണ്ടി വരും. അതായത് എകെജി സെന്റർ ആക്രമിച്ചതും നീ തന്നെ, സിപിഐഎം ഓഫീസ് ആക്രമിച്ചതും നീ തന്നെ.- അദ്ദേഹം പരിഹസിച്ചു.

ഇടത് വലത് മുന്നണികൾ പോപ്പുലർ ഫ്രണ്ടിനെ മത്സരിച്ച് പ്രോത്സാഹിപ്പാക്കുകയാണ്. വിമർശനം ഉയർന്നപ്പോൾ ചീഫ് വിപ്പ് വിഷയം അറിഞ്ഞില്ല എന്നാണ് പറയുന്നത്. പോപ്പുലർ ഫ്രണ്ട് എന്ന ഭീകര സംഘടനയെ അറിയില്ല എന്നും അ​ദ്ദേഹം പറയുന്നു. പോപ്പുലർ ഫ്രണ്ടിനെ അറിയില്ലെങ്കിൽ ചീഫ് വിപ്പ് സ്ഥാനത്ത് തുടരാൻ യോഗ്യനല്ല അദ്ദേഹം. തീക്കൊള്ളി കൊണ്ടാണ് ഇടത്, വലത് മുന്നണികൾ തല ചൊറിയുന്നതെന്നും വോട്ട് ബാങ്കിന് വേണ്ടി നാടിന്റെ താല്പര്യ ബലി കഴിക്കുകയാണ് ഇരു കൂട്ടരെന്നും അദ്ദേഹം ആരോപിച്ചു.

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ ഉണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. പാർട്ടി ഓഫിസുകൾക്കും പ്രവർത്തകർക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണം. കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. പ്രകോപനങ്ങളിൽ വശംവദരാകരുതെന്ന് മുഴുവൻ ജനങ്ങളോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

പുലർച്ചെ രണ്ടുമണിയോടെയാണ് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ കല്ലേറുണ്ടായത്. ജില്ലാ സെക്രട്ടറിയുടെ കാറിന് നേരെയും കല്ലേറുണ്ടായി. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.ബോധപൂർവ്വമായ ആക്രമണമുണ്ടാക്കാൻ ആസൂത്രിതമായ ശ്രമമാണുണ്ടായതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപിച്ചു.
 

Leave a Reply

Your email address will not be published.