ഇതുവരെ വിതരണം ചെയ്തത് 2,10,000 ഓണക്കിറ്റുകള്‍, 136 ആദിവാസി ഊരുകളിലും കിറ്റെത്തിച്ചു; മന്ത്രി ജിആർ അനിൽ
എ..എ.വൈ (മഞ്ഞ) റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കുന്ന സൗജന്യ ഓണക്കിറ്റ് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കടകളിലും ഇന്ന് ഉച്ചയോടെ പൂര്‍ണ്ണമായി എത്തിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. ഇതുവരെ 2,10,000 കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ക്ഷേമസ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും വിതരണം ചെയ്ത കിറ്റുകള്‍ക്ക് പുറമെയാണിത്. കിറ്റ് വാങ്ങാനെത്തുന്ന മുഴുവന്‍ എ.എ.വൈ കാര്‍ഡുടമകള്‍ക്കും കിറ്റ് വിതരണം ഉറപ്പുവരുത്തും. നാളെ റേഷന്‍കടകള്‍ രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ക്ഷേമ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സൗജന്യ ഓണക്കിറ്റ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാക്കി. മറ്റുള്ള ജില്ലകളില്‍ ഇന്ന് വൈകുന്നേരത്തോടെ കിറ്റു വിതരണം പൂര്‍ത്തിയാക്കും. സംസ്ഥാനത്തെ 136 ആദിവാസി ഊരുകളില്‍ കിറ്റുകള്‍ എത്തിച്ചു നല്‍കി. നാളെയോടുകൂടി കിറ്റ് വിതരണം പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു. കിറ്റ് കൈപ്പറ്റാനുള്ള റേഷന്‍കാര്‍ഡുടമകള്‍ ഇന്നും നാളെയുമായി കിറ്റുകള്‍ കൈപ്പറ്റണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണിയില്‍ ഇടപെടുമെന്ന സര്‍ക്കാരിന്റെ ഉറപ്പ് പാലിക്കപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു. സപ്ലൈകോ ജില്ലാ ഓണം ഫെയറുകളില്‍ അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തമാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. 2022 ല്‍ 12 ദിവസം നീണ്ട സപ്ലൈകോ ഓണം ജില്ലാ ഫെയറുകളിലൂടെ 2,50,65,985 കോടി രൂപയുടെ വില്‍പ്പനയാണ് നേടിയത്. ഇതില്‍ 1,09,03,531 കോടി രൂപയുടെ സബ്സിഡി സാധനങ്ങളുടെ വില്‍പ്പനയും 1,41,62,454 കോടിയുടെ നോണ്‍ സബ്സിഡി സാധനങ്ങളുടെ വില്‍പ്പനയുമായിരുന്നു. എന്നാല്‍ ഇത്തവണ 8 ദിവസം കൊണ്ട് 5.17 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. ഇതില്‍ 1.67 കോടി രൂപയുടെ സബ്സിഡി സാധനങ്ങളുടെ വില്‍പ്പനയും 3.50 കോടി രൂപയുടെ നോണ്‍ സബ്സിഡി സാധനങ്ങളുടെ വില്‍പ്പനയുമാണ്. ഇത് സപ്ലൈകോ ഓണം ഫെയറുകളുടെ ചരിത്രത്തിലെ റെക്കോഡ് വില്‍പ്പനയാണെന്നും മന്ത്രി പറഞ്ഞു.
2022-23 സീസണില്‍ നാളിതുവരെ സപ്ലൈകോ സംഭരിച്ച 7.31 ലക്ഷം മെട്രിക് ടണ്‍ നെല്ലിന്റെ വിലയായി 2070.71 കോടി രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. 50,000 രൂപയില്‍ താഴെ കുടിശ്ശിക ഉണ്ടായിരുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും തുക അവരുടെ അക്കൗണ്ടുകളിലേയ്ക്ക് കൈമാറിയിട്ടുണ്ട്. 50,000 രൂപയില്‍ കൂടുതല്‍ കുടിശ്ശിക കിട്ടാനുള്ള കര്‍ഷകര്‍ക്ക് 28 ശതമാനം വരുന്ന തുക അക്കൗണ്ടുകളിലേയ്ക്ക് കൈമാറിയിട്ടുണ്ട്. ബാക്കി തുക കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളായ സ്റ്റേറ്റ് ബാങ്ക്, കാനറാ ബാങ്ക് എന്നീ ബാങ്കുകള്‍ മുഖേന പി.ആര്‍.എസ് വായ്പയായി കര്‍ഷകര്‍ക്ക് നല്‍കി വരുകയാണെന്നും മന്ത്രി വ്യക്തമാക്കി.