Sunday, January 5, 2025
Kerala

ഏപ്രിലിലെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം 5 വരെ നീട്ടി; ജൂണിലെ റേഷന്‍ വിതരണം 7 മുതൽ

 

തിരുവനന്തപുരം: കൊവിഡ് പശ്ചാതലത്തില്‍ റേഷന്‍ കടകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഏപ്രിലിലെ കിറ്റ് വിതരണം ജൂണ്‍ 5 വരെ നീട്ടി. ലോക്ഡൗണും ടെന്‍ഡര്‍ നടപടികളിലെ പ്രശ്‌നങ്ങളും സാധനങ്ങളുടെയും ജീവനക്കാരുടെയും ലഭ്യതക്കുറവും മൂലം കിറ്റ് വിതരണം ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിലാണ് കിറ്റ് വിതരണം ശനിയാഴ്ച വരെ നീട്ടാന്‍ അധികൃതര്‍ തീരുമാനിച്ചത്.
മെയിലെ റേഷന്‍ ശനിയാഴ്ച വരെ ലഭിക്കുമെന്നും അതിനു ശേഷവും മെയ് മാസത്തെ കിറ്റ് വിതരണം തുടരുമെന്നും സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. ജൂണിലെ റേഷന്‍ വിതരണം 7ാം തിയതി മുതല്‍ ആരംഭിക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള 20 ഇനങ്ങള്‍ അടങ്ങിയ സൗജന്യ ഭക്ഷ്യക്കിറ്റ് 8 മുതല്‍ റേഷന്‍ കടകളില്‍ എത്തിക്കുമെന്നും സപ്ലൈകോ അധികൃതര്‍ പറഞ്ഞു.

അഞ്ച് കിലോ ഗ്രാം അരി, ഒരു പായ്ക്കറ്റ് ഉപ്പ്, ഒരു കിലോഗ്രാം വീതം പയര്‍, ഗോതമ്ബ് പൊടി, പഞ്ചസാര, അരക്കിലോ വീതം പരിപ്പ്, ഉഴുന്ന്, 250 ഗ്രാം തേയില, മുളകുപൊടി, 100 ഗ്രാം ജീരകം, അര ലീറ്റര്‍ വെളിച്ചെണ്ണ, 2 ബാത്ത് സോപ്പ്, ബാര്‍ സോപ്പ്, 2 പാല്‍പ്പൊടി പാക്കറ്റ്, മെഴുകുതിരി, തീപ്പെട്ടി, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള കിറ്റിലുള്ളത്.

ആകെ 90.45 ലക്ഷം കാര്‍ഡ് ഉടമകളാണ് സംസ്ഥാനത്തുള്ളത്. ഏപ്രിലിലെ കിറ്റ് ഇതു വരെ 84,98,309 കാര്‍ഡ് ഉടമകള്‍ക്കു നല്‍കി. 15നു വിതരണം ആരംഭിച്ച മെയിലെ കിറ്റ് 15,95,652 എണ്ണം മാത്രമാണ് ഇതുവരെ നല്‍കിയത്.

 

 

Leave a Reply

Your email address will not be published. Required fields are marked *