ഭക്ഷ്യ കിറ്റ് എന്നന്നേക്കുമായി നിര്‍ത്തിയെന്ന് പറഞ്ഞിട്ടില്ല; അവശ്യ സമയങ്ങളില്‍ ഇനിയും നല്‍കും: മന്ത്രി ജി ആര്‍ അനില്‍
റേഷന്‍ കട വഴിയുള്ള ഭക്ഷ്യകിറ്റ് വിതരണം എന്നന്നേക്കുമായി നിര്‍ത്തിയെന്ന് പറഞ്ഞിട്ടില്ലെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. കോവിഡ് ഭീതി ഒഴിഞ്ഞ സാഹചര്യത്തിലാണ് കിറ്റ് വിതരണം നിര്‍ത്തിയത്. അവശ്യ സമയങ്ങളില്‍ ഇനിയും കിറ്റുകള്‍ നല്‍കും. തിരഞ്ഞെടുത്ത റേഷന്‍ കടകളില്‍ മറ്റു ഭക്ഷ്യ വസ്തുക്കളും നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്നും, അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
റേഷന്‍ കട വഴിയുള്ള കിറ്റ് വിതരണം ഇനി ഉണ്ടാകില്ലെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നല്‍കിയത്. വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ കിറ്റ് വിതരണം തുടരാനാകില്ല. ആളുകള്‍ക്ക് കോവിഡ് പ്രതിസന്ധി മൂലം ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് വിതരണം ആരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ ജോലിക്ക് പോകാനാവുന്ന സാഹചര്യമാണ്. അതിനാല്‍ വരും മാസങ്ങളില്‍ കിറ്റ് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയിലില്ലെന്നാണ് മന്ത്രി പറഞ്ഞത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വേണ്ട ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഓണക്കാലത്തായിരുന്നു അവസാനമായി സൗജന്യ കിറ്റ് വിതരണം ചെയ്തത്. കോവിഡ് വ്യാപനം തുടങ്ങിയ 2020 ഏപ്രില്‍-മെയിലാണ് സൗജന്യ കിറ്റ് നല്‍കി തുടങ്ങിയത്. പ്രതിസന്ധിക്കാലത്ത് ആളുകള്‍ക്ക് ആശ്വാസമായിരുന്നു റേഷന്‍ കിറ്റുകള്‍.