കൊവിഡ് അവലോകന യോഗ തീരുമാനങ്ങൾ ചോരുന്നു; ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രിയുടെ താക്കീത്
കൊവിഡ് അവലോകന യോഗത്തിലെ തീരുമാനങ്ങൾ സർക്കാർ പ്രഖ്യാപിക്കും മുമ്പേ മാധ്യമങ്ങളിൽ വരുന്നതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി. ഈ മാസം ഏഴിന് ചേർന്ന യോഗത്തിൽ ഇക്കാര്യത്തിലുള്ള അതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി മേലാൽ ഇത് ആവർത്തിക്കരുതെന്ന താക്കീതും നൽകി.
യോഗത്തിൽ ഉയരുന്ന നിർദേശങ്ങൾ തീരുമാനമാകുന്നതിന് മുമ്പേ സർക്കാർ തീരുമാനമായി ചാനലുകളിൽ വരുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും ഇത് ആവർത്തിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ 30ന് നടന്ന യോഗത്തിൽ കൊവിഡി നിയന്ത്രണങ്ങളുമായി അധികകാലം മുന്നോട്ടു പോകാനാകില്ലെന്നും ഇളവുകളെ കുറിച്ച് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. യോഗത്തിന് പിന്നാലെ ഇത് വാർത്തയാകുകയും ചെയ്തു. തുടർന്നാണ് ഓഗസ്റ്റ് ഏഴിന് നടന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി താക്കീത് നൽകിയത്.