പെൺകുട്ടി പാറക്കെട്ടിൽ വീണ് മരിച്ചെന്ന് കരുതി സുഹൃത്ത് തൂങ്ങിമരിച്ചു
നാടുകാണി പവലിയന് സമീപം പാറക്കെട്ടിൽ വീണ കാഞ്ഞാർ സ്വദേശിയായ പെൺകുട്ടി ഗുരുതര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാൽ, പെൺകുട്ടി മരിച്ചെന്ന് കരുതി ഒപ്പമുണ്ടായിരുന്ന മേലുകാവ് സ്വദേശിയായ യുവാവ് സമീപമുള്ള മരത്തിൽ
തൂങ്ങി മരിച്ചു. ഇല്ലിക്കൽ(മുരിക്കൻ തോട്ടത്തിൽ) അലക്‌സാ(23) ണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം എന്ന് കരുതുന്നു. നാടുകാണി പവലിയന് സമീപം പാറക്കെട്ടിൽ ഇരുന്ന് സംസാരിക്കുന്നതിനിടെ പെൺകുട്ടി താഴേക്ക് വിഴുകയായിരുന്നു. നൂറടി താഴ്‌ചവരുന്ന പാറക്കെട്ടിലൂടെ ഇറങ്ങി പെൺകുട്ടിയുടെ അടുത്തെത്തിയ യുവാവ് ബോധരഹിതയായ പെൺകുട്ടിയെ കാണുകയും മരിച്ചെന്നു കരുതി ആത്മഹത്യചെയ്‌തെന്നാണ് നിഗമനം.
ഇതിനിടെയാണ് നാടുകാണിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ അലക്‌സിന്റെ ബൈക്ക് കണ്ടെത്തിയതായി കുളമാവ് പൊലീസിന് അറിയിപ്പ് കിട്ടിയത്. അന്വേഷണത്തിനിടയിൽ പവലിയന് സമീപത്തെത്തിയ പൊലീസ് പെൺകുട്ടിയുടെ പേര് ഉച്ചത്തിൽ വിളിക്കുകയും ശബ്ദംകേട്ട് അവശനിലയിൽ കണ്ടെത്തുകയായിരുന്നു.
എസ്ഐമാരായ മനോജ്, ഐസക്, സിവിൽ പൊലീസ് ഓഫീസർ അഭിലാഷ് എന്നിവർ പാറക്കെട്ടിലൂടെ ഇറങ്ങിച്ചെന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തി സഹസികമായി പെൺകുട്ടിയെ തൊടുപുഴ ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് അയച്ചു