Saturday, January 4, 2025
Kerala

പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം രാജ്യത്ത് വിഭജനം ഉണ്ടാക്കുന്നതിന് കൊണ്ടുവന്ന നിയമമാണെന്നും അതൊരിക്കലും കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ പൗരത്വനിയമത്തെ തുറന്നെതിര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് സംഘടിപ്പിച്ച എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

”പൗരത്വഭേദഗതി നിയമം രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതിനാണ് കൊണ്ടുവന്നത്. അത് ജനങ്ങളില്‍ ഭയം ജനിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. രാജ്യത്ത് തലമുറകളായി താമസിച്ചുവരുന്നവര്‍ക്ക് ഇവിടെ താമസിക്കാന്‍ അവകാശമില്ലെന്നാണ് നിയമം പറയുന്നത്. പൗരത്വനിയമം പാസ്സാക്കിയപ്പോള്‍ എല്‍ഡിഎഫിന് അത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുന്നതില്‍ ഒരു സംശയവുമുണ്ടായില്ല”- മുഖ്യമന്ത്രി പറഞ്ഞു.

”ഹിന്ദുത്വയില്‍ നിന്ന് വ്യത്യസ്തമായ ഒരു വിശ്വാസത്തെയും അംഗീകരിക്കാന്‍ ആര്‍എസ്എസ്സിന് കഴിയില്ല. യുപിയില്‍ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം അതിന്റെ ഭാഗമാണ്. ആദ്യം ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പ്രശ്‌നമാണ്. ഉത്തര്‍പ്രദേശില്‍ പ്രത്യേക വസ്ത്രം ധരിക്കുന്നവരെ ലക്ഷ്യമിടുന്നു. കന്യാസ്ത്രീകള്‍ ട്രയിനില്‍ അപമാനിക്കപ്പെടുന്നു, ആക്രമിക്കപ്പെടുന്നു. നമ്മുടെ പോലെ ഒരു രാജ്യത്ത് ഇതൊന്നും ഒരിക്കലും നടക്കാന്‍ പാടില്ല.”

”കേരളത്തിലെ തിരഞ്ഞെടുപ്പിന് ദേശീയപ്രാധാന്യമുണ്ട്. നമ്മുടെ രാജ്യം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന അവസ്ഥ അതാണ്. രാജ്യത്തെ ജനാധിപത്യപ്രക്രിയയെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍നനടക്കുന്നുണ്ട്. മതേതരമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കേരളത്തിലേക്ക് നോക്കുകയാണ്”- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *