‘മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആയുധമാക്കുന്നു’; സിസോദിയയുടെ അറസ്റ്റിനെ അപലപിച്ച് സിപിഐഎം
മദ്യ നയ അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുയടെ അറസ്റ്റിനെ അപലപിച്ച് സിപിഐഎം. നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ വിമര്‍ശിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ഇടങ്ങളില്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കുകയാണ്. അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും സിപിഐഎം പി ബി കുറ്റപ്പെടുത്തി.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെയും പ്രതിപക്ഷ നേതാക്കളെയും ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഏജന്‍സികളെ ‘ത്രിശൂലം’ പോലെ ദുരുപയോഗം ചെയ്യുകയാണെന്ന് പിബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ‘മനീഷ് സിസോദിയയുടെ അറസ്റ്റിനെ സിപിഐഎം ശക്തമായി അപലപിക്കുന്നു. വോട്ടിന്റെ അടിസ്ഥാനത്തില്‍ ബിജെപിക്ക് തങ്ങളെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയാതെ വരുമ്പോള്‍ കേന്ദ്ര ഏജന്‍സികളെ ത്രിശൂലമായി ദുരുപയോഗം ചെയ്യുന്നു.
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ആക്രമിക്കുന്ന ബിജെപിയുടെ ദേശീയ നയത്തിന്റെ ഭാഗമാണ് സിസോദിയയുടെ അറസ്റ്റ്. ബിജെപിക്ക് മറ്റൊന്നും ചെയ്യാന്‍ പറ്റാത്തതുകൊണ്ടാണ് ഇത്തരം ആക്രമണങ്ങള്‍.
മദ്യനയ അഴിമതി കേസില്‍ സിബിഐ അറസ്റ്റുചെയ്ത മനീഷ് സിസോദിയയെ കോടതിയില്‍ ഹാജരാക്കി. കനത്ത പൊലീസ് സുരക്ഷയിലാണ് സിസോദിയയെ ഡല്‍ഹി റോസ് അവന്യു കോടതിയില്‍ എത്തിച്ചത്. സിസോദിയയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് സിബിഐ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. മദ്യനയത്തില്‍ മാറ്റം കൊണ്ടുവരാന്‍ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്നും സിബിഐ കോടതിയെ അറിയിച്ചു.