Saturday, April 12, 2025
Kerala

‘ശിവശങ്കറിന് പിന്നില്‍ വമ്പന്‍ സ്രാവുകള്‍’; മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വീണ്ടും സ്വപ്‌ന സുരേഷ്

ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വീണ്ടും ആരോപണവുമായി സ്വപ്‌ന സുരേഷ്. ലൈഫ് മിഷന്‍ ഇടപാടില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്നും എം ശിവശങ്കറിന് പിന്നില്‍ വമ്പന്‍ സ്രാവുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്വപ്‌ന ആരോപിച്ചു.

അന്വേഷണ ഏജന്‍സി ശരിയായ വഴിയിലാണ്. എങ്ങനെയും സത്യം പുറത്തുകൊണ്ടുവരും. മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യണമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. സി എം രവീന്ദ്രനെ ചോദ്യം ചെയ്താല്‍ പലതും പുറത്തുകൊണ്ടുവരുമെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു. ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെയാണ് സ്വപ്‌നയുടെ ആരോപണങ്ങള്‍.

തന്റെ ലോക്കറിലുണ്ടായിരുന്ന ഒരു കോടിരൂപ, ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട, എം ശിവശങ്കറുടെ കമ്മിഷന്‍ പണമായിരുന്നെന്നാണ് സ്വപ്ന സുരേഷ് മുന്‍പ് ആരോപിച്ചത്. ഈ വെളിപ്പടുത്തള്‍ക്ക് ശേഷമായിരുന്നു അന്വേഷണ സംഘം ശിവശങ്കറെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. കരാര്‍ പദ്ധതി സന്തോഷ് ഈപ്പന് നല്‍കണമെന്ന് ക്ലിഫ് ഹൗസില്‍ വച്ചുനടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചെന്നും കരാറില്‍ ഒപ്പിട്ടത് സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ മുഖ്യമന്ത്രി, കോണ്‍സുല്‍ ജനറല്‍, എം ശിവശങ്കര്‍ എന്നിവര്‍ പങ്കെടുത്തുവെന്നും സ്വപ്ന ആരോപിച്ചിരുന്നു.

കേസില്‍ എം.ശിവശങ്കര്‍ അന്വേഷണത്തോട് സഹകരിച്ചില്ലെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്.കേസില്‍ ആകെ എട്ട് പേരെയാണ് ഇ.ഡി പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. എം ശിവശങ്കര്‍ ഏഴാം പ്രതിയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള വാട്സ് ആപ് ചാറ്റുകള്‍ പ്രധാന തെളിവായെന്നും ഇ.ഡി വ്യക്തമാക്കി. സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണുകളും കോഴയ്ക്ക് തെളിവായെന്ന് ഇഡി വ്യക്തമാക്കി.

അറസ്റ്റിന് ശേഷം വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ എം ശിവശങ്കറിനെ വീണ്ടും ഇ ഡി ഓഫീസില്‍ എത്തിച്ചു. വിശദമായ റിമാന്‍ഡ് റിപ്പോര്‍ട്ട് നല്‍കിയ ശേഷമേ ശിവശങ്കറിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയിലെത്തിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *