കൊച്ചിയിലെ കുടിവെള്ള പ്രശ്‌നം; പരിഹാരം തേടി ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചിയിലെ കുടിവെള്ള പ്രശ്‌നത്തില്‍ പരിഹാരം തേടി ഹൈക്കോടതിയില്‍ ഹര്‍ജി. ജില്ലാ കളക്ടര്‍, മരട് മുനുസിപ്പല്‍ സെക്രട്ടറി തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകന്‍ ഇ എന്‍ നന്ദകുമാറാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
പാഴൂര്‍ പമ്പ് ഹൗസിലെ രണ്ടാമത്തെ മോട്ടോറിന്റെ ട്രയല്‍ റണ്‍ ഇന്നും നടക്കാതെ വന്നതോടെ കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഇനിയും വൈകും. പശ്ചിമകൊച്ചിയിലേക്ക് ടാങ്കര്‍ വെള്ളം വിതരണം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്.
ഇന്ന് രാവിലെ പാഴൂര്‍ പംമ്പ് ഹൗസിലെ രണ്ടാമത്തെ മോട്ടോര്‍ ട്രയല്‍ റണ്‍ നടത്താനാകുമെന്നായിരുന്നു ജല അതോറിറ്റി അധികൃതരും, ജില്ലാ ഭരണകൂടവും അറിയിച്ചിരുന്നത്. എന്നാല്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ മോട്ടോറിന്റെ ഫിറ്റിംഗ് ജോലികള്‍ ഇനിയും തീര്‍ന്നിട്ടില്ല. ഇതോടെയാണ് ട്രയല്‍ റണും അനിശ്ചിതത്വത്തിലായത്. നാളെ പുലര്‍ച്ചയോടെയെങ്കിലും ട്രയല്‍ റണ്‍ നടത്താനാകുമെന്നാണ് ജല അതോറിറ്റി അധികൃതര്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. മൂന്നാമത്തെ മോട്ടോര്‍ വെള്ളിയാഴ്ച്ച ട്രയല്‍ റണ്‍ നടത്താമെന്നും കണക്കുകൂട്ടുന്നുണ്ട്.
മോട്ടോറുകളുടെ പണി പൂര്‍ത്തിയാകുന്നത് വൈകിയാല്‍ ടാങ്കര്‍ വെള്ളം വിതരണം ചെയ്യുന്നതും തുടരേണ്ടി വരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റേയും നിലപാട്.